വന്യമൃഗങ്ങൾക്ക് ദാഹജലമൊരുക്കി എലവഞ്ചേരി വന സംരക്ഷണ സമിതി
text_fieldsഎലവഞ്ചേരി: എലവഞ്ചേരിയിലെ വന സംരക്ഷണ സമിതി പ്രവർത്തകർ വന്യമൃഗങ്ങൾക്ക് കുടിവെള്ള സംഭരണികൾ നിർമിച്ചു. അത്തിക്കോട്, മിനുക്കശ്ശേരി എന്നിവിടങ്ങളിലെ വനത്തിനകത്ത് നിർമിച്ച 14,000 ലിറ്റർ ജലം ഉൾക്കൊള്ളുന്ന സംഭരണികളിലാണ് വെള്ളം നിറച്ചത്.
ഒമ്പത് എക്സിക്യൂട്ടിവ് അംഗങ്ങളുള്ള വന സംരക്ഷണസമിതിയിൽ 300ലധികം അംഗങ്ങളുമുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വനത്തിനകത്ത് ജലസംഭരണികൾ നിർമിച്ചതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കൂടുതൽ എത്താറില്ലെന്ന് വന സംരക്ഷണ സമിതി മുൻ പ്രസിഡന്റ് കെ. സതീഷ് പറഞ്ഞു.
ആന, പുലി, മാൻ, പന്നി, കരടി, കീരി, മ്ലാവ്, കാട്ടുപോത്ത് എന്നിവ രണ്ട് ജലസംഭരണികളിൽ നിന്നും വെള്ളം കുടിക്കുന്നതായി എലവഞ്ചേരി വന സംരക്ഷണ സമിതി സെക്രട്ടറിയും കൊല്ലങ്കോട് വനം സെക്ഷൻ ഫോറസ്റ്റ് ഓഫിസറുമായ പി.എസ്. മണിയൻ പറഞ്ഞു. പോത്തുണ്ടി വനമേഖലയിൽ നിന്നും വന്യമൃഗങ്ങൾ എലവഞ്ചേരി ഭാഗത്തേക്ക് കടക്കുന്ന ഭാഗത്ത് 30,000 ലിറ്റർ ജലം ഉൾക്കൊള്ളുന്ന സംഭരണി നിർമിക്കാൻ തൊഴിലുറപ്പ് വകുപ്പ് അധികൃതർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് വന സംരക്ഷണ സമിതി അംഗങ്ങൾ.
വനത്തിൽ ജലസംഭരണികൾ നിർമിക്കണമെന്ന് കർഷകർ
കൊല്ലങ്കോട്: വന്യമൃഗങ്ങൾക്കായി വനത്തിനകത്ത് ജലസംഭരണികൾ നിർമിക്കണമെന്ന് കർഷകർ. കൊല്ലങ്കോട്, മുതലമട പത്തായത്തുകളിൽ അതിർത്തി പങ്കിടുന്ന വനത്തിനകത്ത് വന്യമൃഗങ്ങൾക്ക് കുടിവെള്ളത്തിനായി ആറ് ജലസംഭരണികൾ സ്ഥാപിക്കാൻ പഞ്ചായത്ത് മുന്നോട്ടുവരണമെന്ന് മലയോര പ്രദേശത്തെ നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.
വേനൽ കനത്തതോടെ പുലിയും കരടിയും ആനയും മാനും കൂടുതലായി വനത്തിൽ നിന്നും വെള്ളത്തിനായി ഇറങ്ങുന്നത് കർഷക മേഖലയെ തകർക്കുന്നതിന് വഴിവെച്ചു. എലവഞ്ചേരി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജലസംരണികൾ വനത്തികത്ത് സ്ഥാപിക്കാൻ പഞ്ചായത്തുകൾ മുന്നോട്ടുവരണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.