പ്രൗഢി കുറയാതെ എലവഞ്ചേരി കൊടുവാൾ
text_fieldsഎലവഞ്ചേരി: ചുട്ടുപഴുപ്പിച്ച ഇരുമ്പ് തല്ലിയെടുത്ത് നാടൻ രീതിയിൽ കൊടുവാൾ നിർമിക്കുന്നവർ എലവഞ്ചേരിയിൽ കുറഞ്ഞുവരുകയാണ്. നാല് തലമുറകളായി കൈമാറി വന്ന് ജില്ലയിൽ പ്രശസ്തി നേടിയ എലവഞ്ചേരി കൊടുവാൾ യന്ത്രവത്കൃതമാകുന്നതും ലാഭം കുറഞ്ഞതുമാണ് ഈ മേഖലയിൽനിന്ന് ആളുകൾ പിറകോട്ടുപോകാൻ കാരണം. 230ൽ അധികം കുടുംബങ്ങൾ പണിയായുധ നിർമാണ മേഖയിൽ എലവഞ്ചേരിയിൽ ഉണ്ടായിരുന്നത് നിലവിൽ 30-40 കുടുംബങ്ങളായി കുറഞ്ഞതായി വള്ളവക്കുണ്ടിൽ കൊടുവാൾ നിർമിക്കുന്ന കെ. വിജയൻ പറയുന്നു. വിജയന്റെ അച്ഛൻ കണ്ടമുത്തൻ, മുത്തച്ഛൻ അപ്പു തുടങ്ങിയവർ തുടർന്നുവന്ന പണിയായുധ നിർമാണമാണ് നിലവിൽ വിജയനും തുടരുന്നത്. ഓണസമയങ്ങളിൽ കർഷകതൊഴിലാളിക്ക് കൊയ്ത്തിനായി അരിവാൾ വ്യാപകമായി ആവശ്യമുണ്ടായിരുന്നു.
അഞ്ച് വർഷം മുമ്പ് വരെ സജീവമായിരുന്ന അരിവാൾ നിർമാണം കൊയ്ത്ത് യന്ത്രങ്ങൾ വ്യാപകമായതോടെ കുറഞ്ഞതായി വിജയൻ പറയുന്നു. നിലവിൽ മൂന്നിലൊന്നായി അരിവാൾ ഉൽപാദനം എലവഞ്ചേരിയിൽ കുറഞ്ഞു. യന്ത്രവത്കരണം വ്യാപകമായത് വീടുകളിൽ കൊടുവാൾ, അരിവാൾ എന്നിവ നിർമിക്കുന്നവർക്ക് തിരിച്ചടിയായി. നല്ല വലുപ്പവും തൂക്കവുമുള്ള ഇരുമ്പാണ് എലവഞ്ചേരി കൊടുവാൾ, അരിവാൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നത്. തമിഴ്നാട് കരി, നാടൻ കരി എന്നിവ ചൂളക്കായി ഉപയോഗിക്കും. വീടുകൾക്ക് ആവശ്യമായ കറിക്കത്തി ഉൾപ്പെടെയുള്ളവക്ക് ഓണത്തിന് ആവശ്യക്കാർ ഉണ്ടാകാറുണ്ട്. വ്യാപാരികൾ ഓണം അടുക്കുമ്പോൾ എലവഞ്ചേരിയിലേക്ക് കത്തികൾ വാങ്ങാൻ എത്താറുണ്ട്. ഇതിനിടെ എലവഞ്ചേരി കൊടുവാൾ എന്ന പേരിൽ വ്യാജന്മാരും ഓണക്കാലത്ത് രംഗത്തിറങ്ങിയിട്ടുണ്ട്. ചെയ്യുന്ന തൊഴിലിൽ ആത്മാർഥതയും നല്ല ഇരുമ്പും ഉപയോഗിക്കുന്നതാണ് എലവഞ്ചേരിയിലെ കൊടുവാൾ ഉൾപ്പെടെയുള്ള പണിയായുധങ്ങൾ വാങ്ങാൻ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നവരെ പ്രേരിപ്പിക്കുന്നത്.
അരിവാൾ 150 രൂപ മുതലും കൊടുവാൾ 550 രൂപ മുതലുമാണ് വിൽക്കുന്നത്. സർക്കാറിന്റെ സഹായങ്ങൾ ഇത്തരം തൊഴിൽ മേഖലക്കുണ്ടായാൽ നിലനിർത്തി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് എലവഞ്ചേരിയിൽ കൊടുവാൾ നിർമിക്കുന്നവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.