'ഹൈ ടെൻഷൻ ആശങ്ക'; കാട്ടാനപ്പേടിയിൽ വൈദ്യുത വേലികളിൽ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തി വിടുന്നു
text_fieldsമുതലമട: കാട്ടാനപ്പേടിയിൽ സ്വകാര്യ വൈദ്യുത വേലികളിൽ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തിവിടുന്നത് ആശങ്കയാകുന്നു. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിലാണ് കാട്ടാനകളുടെ ശല്യം വർധിച്ചതിനെ തുടർന്ന് തോട്ടങ്ങളിലെ വൈദ്യുത വേലികളിൽ ഉയർന്ന വേൾട്ടേജിൽ വൈദ്യുതി കടത്തി വിടുന്നത്. ഏതാനും മാസങ്ങളായി കാട്ടാന ശല്യം കുറഞ്ഞിരുന്നു.
എന്നാൽ തെന്മലയോര പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പത്തിലധികം കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തിയിരുന്നു. ആന വനാന്തരത്തിൽ കടക്കാതായതോടെയാണ് സൗരോ ർജ വേലികളിൽ വൈദ്യുതി കടത്തി വിടുന്നത്.
വനം വകുപ്പിന്റെ വൈദ്യുത വേലി തകർന്നതും കൊല്ലങ്കോട് മുതൽ വെള്ളാരൻ കടവ് വരെ കാര്യക്ഷമമല്ലാത്തതുമാണ് സ്വകാര്യ വൈദ്യുത വേലികൾ തോന്നിയപോലെ പ്രവർത്തിപ്പിക്കാൻ ഇടയാക്കുന്നത്.കൊളുമ്പ്, വളവടി, പന്നിക്കോൽ, അടിവാരം, അയ്യപ്പൻ തിട്ട്, ചാത്തൻപാറ, സീതാർ കുണ്ട്, മാത്തൂർ, ചുക്രിയാൽ, പാത്തിപ്പാറ, കെട്ടപ്പള്ളം, വെള്ളാരൻകടവ്, ചപ്പക്കാട്, മെണ്ടിപതി എന്നീ പ്രദേശങ്ങളിലാണ് നിലവിൽ കാട്ടാന ശല്യം വ്യാപകമായത്.
സോളാർ വൈദ്യുതവേലി എന്ന പേരിൽ നിർമാണം ആരംഭിച്ച് പിന്നീട് ഉയർന്ന തോതിൽ വൈദ്യുതി കടത്തിവിടുന്നത് മിക്കപ്പോഴും മാനുകളും കാട്ടുപന്നികളും കുടുങ്ങാൻ ഇടയാക്കിയിട്ടുണ്ട്. അനധികൃത വൈദ്യുത വേലികൾ മനുഷ്യജീവനുവരെ ഭീഷണിയായിട്ടുണ്ട്. വനം വകുപ്പും വൈദ്യുത വകുപ്പും കർശനമായ പരിശോധനകൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.