തടി പിടിക്കാനെത്തിയ പിടിയാന വിരണ്ടോടി
text_fieldsമണ്ണാര്‍ക്കാട്: വിരണ്ടോടിയ പിടിയാന മണിക്കൂറുകളോളം നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. കുമരംപുത്തൂര്‍ കാരാപ്പാടത്ത് മരം പിടിക്കുന്നതിനായി എത്തിച്ച കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ‘മിനി’എന്ന പിടിയാനയാണ് വിരണ്ടോടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
കാരാപ്പാടത്ത് സ്വകാര്യ സ്ഥലത്ത് മുറിച്ചിട്ട മരങ്ങള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനാണ് ആനയെ എത്തിച്ചത്. തിങ്കളാഴ്ച പണി നടന്നില്ല. ചൂട് കൂടിയതോടെ രണ്ടാം പാപ്പാന് ബാലനും സഹായി രതീഷും ആനയെ കുരുത്തിച്ചാല്‍ ഭാഗത്തെത്തിച്ച് പുഴയില്‍ കുളിപ്പിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ ഹോണടി കേട്ട ആന വിരണ്ടോടുകയായിരുന്നുവെന്ന് പറയുന്നു. കാരാപ്പാടത്ത് നിന്ന് പള്ളിക്കുന്ന് വഴി കല്ല്യാണക്കാപ്പിലേക്കെത്തിയ ആന സംസ്ഥാന പാതയില്‍ നിന്ന് തിരിഞ്ഞ് കുമരംപുത്തൂര്‍ ഭാഗത്തേക്ക് ഓടി. നേരെ ചുങ്കത്ത് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് കയറി കല്ലടി കോളജ് പരിസരത്ത് നിലയുറപ്പിക്കുകയായിരുന്നു.
നാശം വരുത്താതെയാണ് ആന ഓടിയതെങ്കിലും ജനം ഭയന്നു. ദേശീയപതയിലേക്ക് പ്രവേശിച്ചതോടെ കല്ലടി കോളജിന് സമീപം പൊലീസിന്റെ നേതൃത്വത്തില്‍ വാഹനങ്ങള തടഞ്ഞിട്ടു. ചുങ്കം ഭാഗത്ത് യാത്രക്കാര്‍ക്ക് നാട്ടുകാരും മുന്നറിയിപ്പ് നല്കി. ആനക്ക് പിറകെ ജനങ്ങളുമുണ്ടായിരുന്നു. പാപ്പാന് ബാലന്റെ ശാസനയൊന്നും ആന വകവെച്ചില്ല. ചൂട് കാരണമാണ് ആന പ്രകോപിതയായതെന്നും തണുപ്പിച്ചാല്‍ ശാന്തമാകുമെന്നും പാപ്പാന് അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയെങ്കിലും തഹസില്‍ദാരുടെ ഉത്തരവില്ലാതെ എത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതായി ആക്ഷേപമുണ്ട്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബോബിന് മാത്യു ഇടപെട്ട് രംഗം ശാന്തമാക്കി. വിരണ്ടോടിയ ആന മൂന്ന് മണിക്കൂറുകളോളമാണ് കുമരംപുത്തൂരിനെയും മണ്ണാര്‍ക്കാടിനെയും ആശങ്കയിലാക്കിയത്.
ദേശീയപാതയില്‍ ഏറെ നേരം ഗതാഗത കുരുക്കുമുണ്ടായി. വനംവകുപ്പിന്റെ ആർ.ആര്.ടി സംഘമെത്തിയാണ് ആനയെ തളച്ചത്. കല്ലടി കോളജ് പരിസരത്തെ ശീതളപാനീയ കടയില്‍നിന്ന് പൈപ്പ് വഴി വെള്ളമടിച്ച് ആനയെ തണുപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. തണ്ണിമത്തനും പഴവും നല്‍കിയതോടെ പൂര്‍ണമായും ശാന്തയായി. പിന്നീട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി തളച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.