ഷോളയൂരിൽ വായിൽ വ്രണങ്ങളുമായി കാട്ടാന അവശനിലയിൽ
text_fieldsഅഗളി: വായിൽ ഗുരുതര പരിക്കേറ്റ കാട്ടാനയെ സംസ്ഥാന അതിർത്തിയോട് ചേർന്ന കീരിപ്പതി വനമേഖലയിൽ കണ്ടെത്തി. ഷോളയൂരിലെ ഇരുപതോളം വീടുകൾ തകർത്ത 'ബുൾഡോസർ' എന്ന് വിളിപ്പേരുള്ള ആനയാണിത്.
മാസങ്ങളായി ഷോളയൂർ വരഗംപാടി പ്രദേശങ്ങളിൽ സ്വൈരവിഹാരം നടത്തിയിരുന്ന ആന അടുത്തിടെ അപ്രത്യക്ഷനായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആനക്കട്ടിക്കു സമീപം അതിർത്തി പ്രദേശമായ തൂവയിലെത്തി.
തൂവ ഊരിലെ ആദിവാസികളാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയതും വനംവകുപ്പിനെ അറിയിച്ചതും. ചൊവ്വാഴ്ച ഉച്ചയോടെ ആന കീരിപ്പതി വനമേഖലയിലേക്ക് എത്തി.
ഭക്ഷണം കഴിക്കാനാകാതെ അവശ നിലയിലായതിനാൽ മയക്കുവെടി വെച്ച് ചികിത്സ നൽകാൻ സാധിക്കില്ലെന്നാണ് വെറ്ററിനറി ഡോക്ടർമാർ അറിയിച്ചത്. നിരന്തരം വീടുകൾ തകർത്ത ആനക്ക് നാട്ടുകാരാണ് ബുൾഡോസർ എന്ന പേരിട്ടത്.
ആക്രമണം വർധിച്ചതോടെ റേഡിയോ കോളർ ഘടിപ്പിക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചിരുന്നു. പരിക്കിൽ ദുരൂഹതയുള്ളതായാണ് സൂചന. അടുത്തിടെ 17 ആനകളാണ് കോയമ്പത്തൂർ വനമേഖലയിൽ െചരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.