റെയിൽവേ ട്രാക്കിലേക്ക് ആനകൾ; പാലക്കാട്-മധുക്കര റൂട്ടിൽ ഡി.ആർ.എം പരിശോധന നടത്തി
text_fieldsപാലക്കാട്: റെയിൽവേ ട്രാക്കിലേക്ക് ആന കയറാൻ സാധ്യതയുള്ള പാലക്കാട്- മധുക്കര റൂട്ടിൽ പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി ബുധനാഴ്ച പരിശോധന നടത്തി. ആന സംരക്ഷണ നടപടികൾ ഡി.ആർ.എം വിലയിരുത്തി. വാളയാറിനും എട്ടിമടക്കും ഇടയിൽ റെയിൽവേ 11.5 കോടി മുടക്കി പുതുതായി നിർമിച്ച രണ്ട് ആന അടിപ്പാതകൾ അദ്ദേഹം പരിശോധിച്ചു. ആനകൾക്ക് സുരക്ഷിതമായ യാത്ര സുഗമമാക്കുന്നതിനും ട്രാക്കുകളിലേക്കുള്ള കയറ്റം തടയുന്നതിനും ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അടിപ്പാതകൾ നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാളത്തിന് സമീപം ആനകൾ കറങ്ങുന്നത് ഒഴിവാക്കാനായി ആനകളുടെ കടന്നുകയറ്റ സാധ്യതയുള്ള പ്രദേശങ്ങളുടെ ഇരുവശവും ചെടികളും കുറ്റിക്കാടുകളും വെട്ടിമാറ്റുകയും ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന കൊട്ടേക്കാട്-മധുക്കരൈ റൂട്ടിൽ എലിഫന്റ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ (ഐ.ഡി.എസ്) നിർദിഷ്ട സ്ഥലങ്ങളും ഡി.ആർ.എം പരിശോധിച്ചു. ഐ.ഡി.എസ് റെയിൽവേ ട്രാക്കുകൾക്ക് സമീപം ആനകളെ കണ്ടെത്തുകയും അപകടങ്ങൾ തടയാൻ സ്റ്റേഷൻ മാസ്റ്ററെയും ട്രെയിൻ ഡ്രൈവർമാരെയും ഉടൻ അറിയിക്കുകയും ചെയ്യുന്നു. ഈ പദ്ധതി 2024 ഡിസംബറോടെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.