കച്ചേരിപ്പറമ്പിലെ ആക്രമണം: ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തും
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പിലെ അക്രമികളായ കാട്ടാനക്കൂട്ടത്തെ സൈലന്റ്‌വാലി ഉള്‍വനത്തിലേക്ക് തുരത്തും. തിരുവിഴാംകുന്ന് വനംവകുപ്പ് ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാട്ടാനകളെ തുരത്തുന്നതിനുള്ള നടപടി വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. ആദ്യപടിയായി ഡ്രോണ്‍ ഉപയോഗിച്ച് ആനകളെ കണ്ടെത്തും. തുടര്‍ന്ന് തുരത്താനുള്ള ദൗത്യം ആരംഭിക്കും.
വനപാലകര്‍, ആര്‍.ആര്‍.ടി, ആനയെ തുരത്തുന്നതില്‍ വിദഗ്ധരായ ആളുകള്‍ എന്നിവരടങ്ങുന്ന വിപുല സംഘം ദൗത്യത്തിനായി ഇറങ്ങും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അടിക്കാടുകൾ വെട്ടി നീക്കും. കാട്ടാന പ്രശ്‌നം പരിഹരിക്കുന്നതിനായി സൈലന്റ് വാലി വനം ഡിവിഷനില്‍ നടക്കുന്ന സോളാര്‍ തൂക്ക് വേലിയുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനും തീരുമാനമായി. നാള്‍ക്ക് നാള്‍ കാട്ടാനപ്രശ്‌നം അതിരൂക്ഷമാകുന്നത് കണക്കിലെടുത്ത് കച്ചേരിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രത്യേക ആര്‍.ആര്‍.ടിയെ നിയോഗിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൃഷി നാശമുണ്ടായവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയുണ്ടാകണം. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ക്കായി എം.പി, എം.എല്‍.എ ഫണ്ട് ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ആവശ്യമുയര്‍ന്നു. കഴിഞ്ഞ ദിവസം കച്ചേരിപ്പറമ്പ് നെല്ലിക്കുന്നില്‍ കാളപ്പൂട്ടിനിടെ കാട്ടാന ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ എം.കെ സുര്‍ജിത്ത്, റേഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.സുനില്‍കുമാര്‍, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ വി.മണികണ്ഠന്‍, പടുവിൽ കുഞ്ഞുമുഹമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന നേതാക്കളായ പി. മനോമോഹനന്‍, ടി.കെ. ഇപ്പു, താളിയിൽ സൈനുദ്ദീൻ, നൗഫൽ താളിയിൽ, ഇല്ല്യാസ് താളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.