ധോണി വിടാതെ കാട്ടാനക്കൂട്ടം: ആർ.ആർ.ടീം വന്നില്ലെന്ന് നാട്ടുകാർ
text_fieldsഅകത്തേത്തറ: ധോണി ജനവാസ മേഖലയിൽ ഭീതിവിതച്ച് വീണ്ടും കാട്ടാനക്കൂട്ടം. വീട്ടുവളപ്പുകളിലെ കൃഷി നശിപ്പിച്ചു. വനപാലകരുടെ സഹായം തേടിയിട്ടും ആരും എത്തിയില്ലെന്ന് പ്രദേശവാസികളുടെ ആക്ഷേപം. സംഭവത്തിൽ വിശദീകരണം ചോദിച്ച് ഒലവക്കോട് വനം െഡപ്യൂട്ടി റേഞ്ച് ഓഫിസർക്ക് പാലക്കാട് വനം ഡിവിഷൻ ഓഫിസറുടെ ചുമതലയുള്ള അസി. വനം കൺസർവേറ്റർ ബി. രഞ്ജിത്ത് കത്ത് നൽകി. ആശയവിനിമയ രംഗത്തെ തകരാറാണോ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോയെന്ന് അന്വേഷിച്ച് ഉചിത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ വാളയാർ, ഒലവക്കോട് മേഖലകളിലെ കാട്ടാന പ്രശ്നം കൈകാര്യം ചെയ്യുന്നത് ഒരു ദ്രുത പ്രതികരണ സേനയാണ്. പാലക്കാട് ദ്രുത പ്രതികരണ സേനയുടെ 20 അംഗ ടീമിന് കാട്ടാന ശല്യം രൂക്ഷമായ വാളയാറിലും ഒലവക്കോട്ടും ഓടിയെത്തണം.
ജില്ലയിൽ പുതുതായി ദ്രുത പ്രതികരണ സേന യൂനിറ്റുകൾ ആരംഭിക്കുന്നതിന് നിർദേശം സമർപ്പിച്ചതായി ചീഫ് വനം കൺസർവേറ്റർ വിജയാനന്ദ് പറഞ്ഞു.
വാളയാർ, അട്ടപ്പാടി എന്നിവിടങ്ങളിലുൾപ്പെടെ മൂന്നിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ ദ്രുത പ്രതികരണ സേന യൂനിറ്റുകൾ ആരംഭിക്കുന്ന കാര്യം നിർദേശത്തിലുണ്ട്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാലേ പുതിയ ആർ.ആർ.ടീം പ്രവർത്തിക്കാനാവൂ.
വിറപ്പിച്ചത് മൂന്ന് മണിക്കൂർ
ധോണി മായാപുരത്തും പരിസരത്തും ജനവാസ മേഖലയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തി മൂന്ന് മണിക്കൂർ നേരം മൂന്നംഗ കാട്ടാനക്കൂട്ടം നാട്ടിൽ വിലസി. കാട്ടുകൊമ്പനും പിടിയാനയും കുട്ടിയുമടങ്ങിയ ആനകളാണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ആൾ താമസമുള്ള വീട്ടുമുറ്റത്തും പറമ്പിലും കൃഷി നശിപ്പിക്കാനെത്തിയത്. മായാപുരം അംബേദ്ക്കർ കോളനി ഭാഗത്തുകൂടി വന്ന ആനകൾ മുമ്പ് കാട്ടാനകൾ തന്നെ പൊളിച്ചിട്ട വീട്ടുമതിലിന്റെ ഇടവഴിയിലൂടെ സോളമന്റെ പറമ്പും കടന്ന് തൊട്ടടുത്ത മായാപുരം അനിലിന്റെ വീട്ടുവളപ്പിലെ പ്ലാവിന്റെ കൊമ്പ് പറിച്ചിട്ടു. തുടർന്ന് ബഹളംവെച്ച് ഓടിക്കുന്നതിനിടയിൽ പെരുംന്തുരുത്തി കളം അഡ്വ. ഷാജിയുടെയും സഹോദരൻ സാബുവിന്റേയും വീട്ടുവളപ്പിലെ വാഴ നശിപ്പിച്ചു.
സമീപത്തെ എക്സൈസ് ഓഫിസർ ഉണ്ണിയുടെ വീടിന്റെ പിറകിലെ പറമ്പിലെ വാഴകൃഷിയും നശിപ്പിച്ചു. ക്വാറിയുടെ ഭാഗത്തെ മതിലും തകർത്താണ് കാടുകയറിയത്.
കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പ് പ്രതിരോധവേലി സ്ഥാപിക്കാത്ത പ്രദേശങ്ങളാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞദിവസം അഞ്ച് കാട്ടാനകൾ ഈ മേഖലയിൽ എത്തിയിരുന്നു. ജനവാസ മേഖലക്ക് പ്രതിരോധം തീർത്ത് റെയിൽവേലി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.