കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി; അധിക അധ്യാപക തസ്തിക റദ്ദാക്കി
text_fieldsപുതുനഗരം: കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് സൃഷ്ടിച്ച അധ്യാപക തസ്തിക വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പെരുവമ്പ് സി.എ ഹൈസ്കൂളിൽ വിദ്യാർഥികളുടെ എണ്ണം വർധിപ്പിച്ചു കാണിച്ച് സൃഷ്ടിച്ച യു.പി വിഭാഗത്തിലെ ഒരു ഡിവിഷനും ഒരു യു.പി.എസ്.ടി തസ്തികയും റദ്ദാക്കിക്കൊണ്ടാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉത്തരവിറക്കിയത്. 2019 -20 വർഷത്തെ തസ്തിക നിർണയം അനുസരിച്ച് 13 ക്ലാസ് ഡിവിഷനുകളും അനുബന്ധ തസ്തികകളും അനുവദിച്ച് ജില്ല വിദ്യാഭ്യാസ ഓഫിസർ ഉത്തരവായിരുന്നു. സ്കൂളിന്റെ തസ്തിക നിർണയം പരിശോധിക്കാൻ കോഴിക്കോട് സൂപ്പർ ചെക്ക് സെൽ 2019 നവംബർ 27ന് സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു.
സ്കൂളിൽ 2019 -20 വർഷത്തിൽ ആറാമത്തെ പ്രവൃത്തി ദിവസം 398 വിദ്യാർഥികൾ റോളിലുണ്ടായിരുന്നു. സൂപ്പർ ചെക്ക് സെല്ലിന്റെ ആദ്യ പരിശോധനയിൽ 58 വിദ്യാർഥികൾ ഹാജറില്ലായിരുന്നു. ഹാജറില്ലാത്ത വിദ്യാർഥികളുടെ ക്ലാസുകളിലെ സാന്നിധ്യം പരിശോധിക്കാൻ സൂപ്പർ ചെക്ക് സെൽ 2020 ജനുവരി 27ന് വീണ്ടും സ്കൂളിൽ പരിശോധന നടത്തി. രേഖകളിന്മേലുള്ള പരിശോധനയിലും കുട്ടികളുടെ ഹാജർ പരിശോധിച്ചതിൽനിന്നും സ്കൂളിൽ 20 കൃത്രിമ അഡ്മിഷനുകളുണ്ടെന്ന് സൂപ്പർ ചെക്ക് സെൽ കണ്ടെത്തി.
സ്കൂളിലെ ക്രമക്കേട് സംബന്ധിച്ച് കെ.ഇ.ആർ അധ്യായം 23 റൂൾ 16 അനുസരിച്ച് വിശദമായ റിപ്പോർട്ട് കോഴിക്കോട് സൂപ്പർ ചെക്ക് ഓഫിസർ, പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുകയും അതനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്രമക്കേട് സംബന്ധിച്ച വിവരം സ്കൂൾ അധികാരികളെ അറിയിക്കുകയും സ്കൂൾ അധികൃതർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസിന് സ്കൂൾ അധികാരികളിൽനിന്ന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ 2020 ഡിസംബർ 21 ന് ഓൺലൈൻ വാദം കേൾക്കൽ നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്പർ ചെക്ക് സെല്ലിന്റെ രണ്ട് സന്ദർശന ദിവസവും ഹാജറില്ലാത്തതും റോളിൽനിന്ന് നീക്കംചെയ്യപ്പെട്ടതുമായ വിദ്യാർഥികളെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും 20 കൃത്രിമ അഡ്മിഷനുകളുണ്ടെന്നാണ് സൂപ്പർ ചെക്ക് സെൽ കണ്ടെത്തിയത്. ആറാമത്തെ പ്രവൃത്തി ദിവസത്തിനുശേഷം ആറ് വിദ്യാർഥികളെ റോളിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. 14 വിദ്യാർഥികൾ സൂപ്പർ ചെക്ക് സെല്ലിന്റെ രണ്ട് പരിശോധനയിലും ഹാജറായിരുന്നില്ല. വാദം കേൾക്കലിൽ സ്കൂളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സൂപ്പർ ചെക്ക് സെൽ കൃത്രിമ അഡ്മിഷനായി കണ്ടെത്തിയ രണ്ട് വിദ്യാർഥികൾ ഹാജറായിട്ടുണ്ടെന്ന പ്രധാനാധ്യാപകന്റെ വാദം പരിശോധിക്കുകയും ഇക്കാര്യം ശരിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസിലെ രണ്ട് വിദ്യാർഥികളെ കൃത്രിമ അഡ്മിഷനിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒഴിവാക്കി.
സ്കൂളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന റിജോയ് ആർ. എന്ന വിദ്യാർഥി ഒരു ദിവസം പോലും സ്കൂളിൽ ഹാജറായിട്ടില്ലെന്ന് സൂപ്പർ ചെക്ക് സെൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അഞ്ചാം ക്ലാസിലെ മൂന്നാമത്തെ ഡിവിഷൻ നിലനിർത്താൻ സ്കൂളിൽ ഹാജറാകാത്ത വിദ്യാർഥിക്ക് അഡ്മിഷൻ നൽകിയതാണെന്ന് സൂപ്പർ ചെക്ക് പരിശോധനയിൽ കണ്ടെത്തി. ഈ വിദ്യാർഥിയെ ഒഴിവാക്കി തസ്തിക നിർണയം നടത്തിയാൽ അഞ്ചാം ക്ലാസിലെ മൂന്നാമത്തെ ഡിവിഷൻ അനുവദിക്കാൻ കഴിയില്ലായിരുന്നു.
കോഴിക്കോട് സൂപ്പർ ചെക്ക് സെൽ കൃത്രിമ അഡ്മിഷനായി കണ്ടെത്തിയ 18 വിദ്യാർഥികളെ റോളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പെരുവമ്പ് സി.എ ഹൈസ്കൂളിന്റെ 2019 -20 വർഷത്തെ തസ്തിക നിർണയം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതുക്കി ഉത്തരവായത്. ഇതനുസരിച്ച് യു.പി വിഭാഗത്തിൽ ഒരു ഡിവിഷനും ഒരു യു.പി.എസ്.ടി തസ്തികയും റദ്ദാക്കി ഉത്തരവ് നൽകാൻ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. കൃത്രിമ അഡ്മിഷനിലൂടെ സർക്കാറിനുണ്ടായ ബാധ്യത സ്കൂൾ പ്രധാനാധ്യാപകനിൽ നിന്നും ക്ലാസ് അധ്യാപകരിൽനിന്നും അച്ചടക്ക നടപടിയിലൂടെ ഈടാക്കാനും ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.