നിരത്തുകളിൽ അപകടം വിതച്ച് ചരക്കുലോറികളുടെ മരണപ്പാച്ചിൽ
text_fieldsപാലക്കാട്: അമിത ഭാരവുമായി നിരത്തുകളിൽ ടോറസ് ലോറികളുടെ അപകടയാത്ര. ഇടറോഡുകളിലൂടെയടക്കം തലങ്ങും വിലങ്ങും ചീറിപ്പായുന്ന ലോറികൾ കവർന്നത് നിരവധി ജീവനുകളാണ്. വാഹനാപകടങ്ങൾ ദിനംപ്രതി ആവർത്തിക്കുന്നതിനിടെ അടിയന്തര നടപടി സ്വീകരിക്കേണ്ടവരടക്കം അനാസ്ഥ തുടരുകയാണെന്നാണ് ആരോപണം ഉയരുന്നത്. ജില്ലയിൽ ചെറുതും വലുതുമായ നൂറ്റമ്പതോളം ക്രഷർ, ക്വാറി യൂനിറ്റുകളാണ് പ്രവർത്തിക്കുന്നത്. മലയോരമേഖലകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ അയൽജില്ലകളിലേക്കടക്കം ഉൽപന്നങ്ങൾ കൊണ്ടുപോകുന്നുണ്ട്. മിക്കപ്പോഴും ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അമിത ഭാരവുമായി ലോറികൾ ഓടാൻ തുടങ്ങിയതോടെ അടുത്തിടെ പ്രവൃത്തി പൂർത്തിയായ റോഡുകൾ പോലും തകർച്ച ഭീഷണിയിലാണ്. ഓരാ വാഹനത്തിലും കയറ്റാവുന്നതിന് പരമാവധി കുടുതലാണ് വലിയ ലോറികളിൽ കയറ്റുന്നത്. 35, 28, 18.5 ടണ്ണാണ് യഥാക്രമം 12, പത്ത്, ആറ് ചക്രമുള്ള ലോറയിൽ വാഹനത്തിെൻറ ഭാരം ഉൾപ്പെടെ പരമാവധി കയറ്റാൻ അനുമതിയുള്ളത്. നനവോടുകൂടിയ പാറമണൽ നിറച്ച 12 ചക്രമുള്ള ലോറികളുടെ ഭാരം 50 ടണ്ണിന് മേലെയാണെന്ന് അധികൃതർ പറയുന്നു.
അമിതഭാരവുമായി തുടർച്ചയായി വാഹനങ്ങൾ പോകുന്നത് പാതകൾക്കും പാലങ്ങൾക്കും ഭീഷണിയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും രാത്രിയുടെ മറവ് പറ്റിയും കൈമണി നൽകിയും ചീറിപായുന്ന ടിപ്പറുകളെ കുരുക്കാൻ അധികൃതർക്കും അത്ര മനസ്സ് പോര. 10 ടണ്ണിന് കൂടുതൽ ഭാരവുമായി ആറ് മീറ്റർ വരെ വീതിയുള്ള പാതയിലൂടെ പോകുന്നതിന് നിയമപരമായി വിലക്കുണ്ട്. ജില്ലയിലെ സിംഹഭാഗം ക്വാറികളും ക്രഷർ യൂനിറ്റും ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ചെറിയ റോഡുകളിലൂടെ അമിത ഭാരവുമായി പോകുന്ന ലോറികളെ പഞ്ചായത്തിന് നിരോധിക്കാൻ അധികാരമുണ്ട്. എന്നാൽ ജനകീയ സമരങ്ങൾ ഉണ്ടായിട്ടുപോലും ഏതാനും ദിവസങ്ങൾ ഒഴികെ പഞ്ചായത്തുകളുടെ നടപടി നീണ്ടുനിൽക്കാറില്ല.
വാഹനങ്ങളുടെ ബോഡി നിർമാണത്തിൽ വ്യക്തമായ ചട്ടങ്ങളില്ലാത്തത് മുതലെടുത്താണ് അമിത ഭാരം കയറ്റാനുള്ള സജീകരണങ്ങൾ ഒരുക്കുന്നത്. വാഹങ്ങളുടെ ഉയരം പരമാവധി 3.8 മീറ്റർ വരെയാകാമെന്നാണ് ചട്ടം. കൽക്കരി ഖനികളും മറ്റ് വ്യാവസായ ശാലകളിലും ഭാരക്കുറവുള്ള സാധനങ്ങൾ കടത്താനാണ് ഇത്രയും ഉയരത്തിൽ ബോഡിയുള്ള വാഹനങ്ങൾ ഉപയോഗിക്കാറ്. ഇത് മുതലെടുത്താണ് ക്വാറി, ക്രഷർ ഉൽപന്നങ്ങൾ കടത്താൻ ഇത്തരത്തിൽ മാറ്റം വരുത്തിയ ലോറികൾ ഉപയോഗപ്പെടുത്തുന്നത്.
അനുവദിച്ചതിലധികം ഭാരം കയറ്റിയ ലോറികൾ അയൽജില്ലകളിലേക്കും കരിങ്കൽ ഉൽപന്നങ്ങളുമായി പോകുന്നുണ്ട്. സംസ്ഥാന-ദേശീയ പാതകളിലെത്തിയാൽ അമിത വേഗതയും, എയർഹോണും മറ്റ് വാഹനങ്ങളും അപകടത്തിൽ െപടാൻ കാരണമാകുന്നു. പരിശോധന കുറവുള്ള രാത്രിസമയങ്ങളിലാണ് ടിപ്പറുകളടക്കമുള്ളവ ചീറിപ്പായുക. വേഗപ്പൂട്ടിന് മാത്രമായി പ്രത്യേക പരിശോധനയില്ലാത്തതും ഇക്കൂട്ടർക്ക് സഹായകമാവുന്നു. അഥവാ പരിശോധനയ്ക്കിടെ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും അടുത്ത തവണയും ഇതേ വാഹനങ്ങൾ ഇതേ നിയമലംഘനത്തിന് പിടിക്കപ്പെടാറുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ തന്നെ പറയുന്നു.
ഇത്തരം വാഹനങ്ങളുടെ അമിത വേഗം, അധിക ഭാരം തുടങ്ങിയവയിൽ ജില്ലയിലെ മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് മാർച്ചിൽ പിഴയായി ഈടാക്കിയത് 11.59 ലക്ഷം രൂപ. അമിത ഭാരത്തിന് ചുരുങ്ങിയത് 10,000 രൂപയാണ്. അധികമുള്ള ഒരോ ടണ്ണിനും 1500 രൂപ വീതമാണ് പിഴ സംഖ്യ. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന എൻഫോഴ്സ്മെൻറ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.