വെള്ളിയാറിലേക്ക് ഫാക്ടറി മാലിന്യം; പ്രതിഷേധം ശക്തം
text_fieldsഅലനല്ലൂർ: അമ്പലപ്പാറ കാപ്പുപറമ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറിയിൽനിന്ന് വെള്ളിയാർ പുഴയിലേക്ക് വ്യാപകമായി മാലിന്യം ഒഴുക്കുന്നതായി പരാതി.വെറ്റിലക്കുളത്ത് പ്രവർത്തിക്കുന്ന ബിഗ്രീൻ സംസ്കരണ പ്ലാൻറിൽ നിന്നാണ് മാലിന്യം തള്ളുന്നത്.വെള്ളിയാറിലേക്ക് ചേരുന്ന ചോലയിലൂടെയാണ് മലിനജലവും മറ്റും ഒഴുക്കുന്നത്.
കുളിക്കാനെത്തിയ പ്രദേശവാസികൾ പുഴയിലേക്ക് ചേരുന്ന നീർചാലിൽ വെള്ളത്തിന് ദുർഗന്ധവും പതയും കണ്ടപ്പോൾ നടത്തിയ പരിശോധനയിലാണ് ഫാക്ടറിയുടെ കുഴിയിൽ നിന്ന് ദ്രാവക രൂപത്തിൽ ചോലയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടത്.
കന്നുകാലികളുടെ അറവുമാലിന്യവും ആശുപത്രി മാലിന്യങ്ങളും ഇതിൽ ഉള്ളതായി നാട്ടുകാർ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ കുളിക്കാനും അലക്കാനും കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന വെള്ളിയാർ പുഴയിലൂടെ മാലിന്യം ഒഴുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. മനുഷ്യജീവനും പ്രകൃതിക്കും ഒരു വിലയും കൽപ്പിക്കാത്ത ഫാക്ടറിയുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് ജനകീയ കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.
വിഷയം പല തവണ ഫാക്ടറി അധികൃതരെ അറിയിച്ചെങ്കിലും ചൊവിക്കൊണ്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.നാടിന് ഭീഷണിയായി പ്രവർത്തിക്കുന്ന പ്ലാന്‍റിന്‍റെ പ്രവർത്തനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം കെ. നൂറുൽ സലാം ജില്ല കലക്ടർക്കും കോട്ടോപ്പാടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരുമടങ്ങുന്ന ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്ലാന്‍റിൽ ട്രയൽ റണ്ണിനിടെ ഉണ്ടായ തീപിടിത്തത്തിൽ പ്രദേശവാസികളുൾപ്പെടെ 20ഓളം പേർക്ക് പൊള്ളലേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.