വ്യാജ ഡോക്ടർമാർ ചികിത്സപ്പിഴവിന് കാരണമാകുന്നു; ഹൈകോടതിയിൽ ഹരജി
text_fieldsപാലക്കാട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യാജ ഡോക്ടർമാരെ തടയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനറൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ജി.പി.എ) ഹൈകോടതിയിൽ ഹരജി നൽകി.
മെഡിക്കൽ യോഗ്യതകളോ ലൈസൻസുകളോ ഇല്ലാതെ പ്രാക്ടിസ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും ഇത് ചികിത്സപ്പിഴവ്, അശ്രദ്ധ, മരണങ്ങൾ എന്നിവക്ക് കാരണമാകുന്നെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പരാതികൾ ഉയർന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് കുറവാണ്.
ദേശീയ പരീക്ഷ ബോർഡ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ വിജയിക്കാത്ത, സാധുവായ മെഡിക്കൽ ബിരുദമില്ലാത്തവരും വിദേശ സർവകലാശാലകളിൽ നിന്ന് മടങ്ങിയെത്തിയവരും ക്ലിനിക്കുകളിൽ പ്രാക്ടിസ് ചെയ്യുകയോ സ്വന്തമായി ക്ലിനിക്കുകൾ സ്ഥാപിക്കുകയോ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
രജിസ്ട്രേഷൻ പരിശോധിക്കാനുള്ള ഫലപ്രദ സംവിധാനം നടപ്പാക്കുന്നതിൽ സർക്കാർ നിഷ്ക്രിയത്വം പുലർത്തുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
പൗരന്മാർക്ക് രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ കേന്ദ്രീകൃത പോർട്ടൽ സ്ഥാപിക്കണം, വ്യാജ മെഡിക്കൽ പ്രാക്ടീഷണർമാരെ തടയാൻ ക്ലിനിക്കുകളിൽ പരിശോധന നടത്താൻ നിർദേശം നൽകണം എന്നീ ആവശ്യങ്ങളുമുന്നയിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ കേസ് നവംബർ 25ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.