മണ്ണാർക്കാട്ട് മുക്കുപണ്ട പണയ തട്ടിപ്പ് വ്യാപകം; ഒരാഴ്ചക്കിടെ പിടിയിലായത് നാലുപേർ
text_fieldsമണ്ണാർക്കാട്: മേഖലയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലുപേരാണ് സമാനമായ തട്ടിപ്പിന് പിടിയിലായത്. വിവിധ ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മുക്കുപണ്ടങ്ങളാണ് സ്വർണമെന്ന വ്യാജേനെ പണയം വെക്കുന്നത്. സാധാരണ ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന പരിശോധനയിലൊന്നും ഇത് കണ്ടെത്താൻ കഴിയുന്നില്ല.
കയർപിരി ചെയിൻ, പാദസരം തുടങ്ങിയവയാണ് തട്ടിപ്പിനായി കൂടുതൽ ഉപയോഗിക്കുന്നത്. തിരക്കേറിയ സമയങ്ങളിലാണ് ഇത്തരം തട്ടിപ്പുകാർ പണയം വെക്കാനായി ബാങ്കുകളിലെത്തുന്നത്. മേഖലയിലെ സഹകരണ ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമെല്ലാം ഇത്തരം സംഘത്തിന്റെ ഭീഷണിയിലാണ്.
മണ്ണാർക്കാട് മേഖലയിൽ ആറുമാസത്തിനകം പത്തിലധികം തട്ടിപ്പ് നടന്നു. കോട്ടോപ്പാടം കണ്ടമംഗലം കേന്ദ്രീകരിച്ച സംഘമാണ് പിന്നിലെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായവർ എല്ലാം കണ്ടമംഗലം സ്വദേശികളാണ്.
പലപ്പോഴും ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് കണ്ടെത്തിയാലും പരാതി നൽകാതെ ഒത്തുതീർപ്പിലെത്തുന്നതായും ആക്ഷേപമുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക നഷ്ടവും ചീത്തപ്പേരും ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഇത് തട്ടിപ്പ് തുടരാനുള്ള സാഹചര്യം വർധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.