യു.എ.ഇ എംബസിയുടെ വ്യാജ വെബ്സൈറ്റ് വഴി പണം തട്ടാൻ ശ്രമം
text_fieldsപാലക്കാട്: യു.എ.ഇ എംബസിയുടെ വ്യാജ വെബ്സൈറ്റ് വഴി പ്രവാസികളിൽനിന്ന് പണം തട്ടിയെടുക്കുന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലെൻറ മകെൻറ ഭാര്യ നമിത സൈബർസെല്ലിൽ പരാതി നൽകി.
നമിതയുടെ വിസ ആഗസ്റ്റ് അഞ്ചിന് അവസാനിക്കുന്ന സാഹചര്യത്തിൽ കാലാവധി നീട്ടാൻ കഴിയുമോ, യാത്രാനുമതി ലഭിക്കുമോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് www.uaeembassy.in എന്ന വെബ്സൈറ്റിലേക്കെത്തിയത്. വെബ്സൈറ്റിൽ നൽകിയ മെയിൽ വഴി വിശദാംശങ്ങൾ ചോദിച്ചു. യു.എ.ഇയിൽനിന്ന് ഫോൺവഴി ഡൽഹിയിലുള്ള ഏജൻറ് വീരുകുമാറിനെ ബന്ധപ്പെടണമെന്ന മറുപടിയെത്തി.
ഇതിന് പിന്നാലെ ഡൽഹിയിലെ യു.എ.ഇ എംബസിയിൽനിന്നാണെന്ന് പറഞ്ഞ് വീരുകുമാർ നമിതയുമായി വാട്സ്ആപ്പിൽ ബന്ധപ്പെട്ടു. എമിറേറ്റ്സ് ഐ.ഡി കാർഡ്, പാസ്പോർട്ട്, ഫോട്ടോ, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ നൽകാനാവശ്യപ്പെട്ടു.
രേഖകൾ നൽകിയതിന് പിന്നാലെ നമിതക്കും നവീനും യാത്രാനുമതി ലഭിക്കാനായി 16,100 രൂപ അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വ്യക്തമായത്. പാലക്കാട് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ജൂലൈ 31 വരെയാണ് യു.എ.ഇയിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്നത്.
വിസ കാലാവധി അവസാനിക്കുന്നവരും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നവരുമുൾപ്പെടെ നിരവധി പേർ മടങ്ങിപ്പോവാനാവാതെ കുടുങ്ങി കിടക്കുന്നുണ്ട്. നിരവധി പ്രവാസികൾ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.