പഠനത്തിനും ജീവിതത്തിനും വഴിതേടി ഒരു കുടുംബം
text_fieldsകൊല്ലങ്കോട്: പെൺമക്കളുടെ തുടർപഠനത്തിന് വഴിയില്ലാതെ വീട്ടമ്മ കണ്ണീർകയത്തിൽ. ചെമ്മണ്ണാമ്പതി അണ്ണാനഗറിൽ വസിക്കുന്ന ശ്രീവള്ളിയാണ് ചലനശേഷിയില്ലാത്ത മുത്തമകളും പഠനം മുടങ്ങിയ ഇളയ മക്കളുമായി ലോക്ഡൗൺ കാലത്ത് ദുരിതത്തിൽ കഴിയുന്നത്. 18 വർഷങ്ങൾക്ക് മുമ്പ് രോഗം ബാധിച്ച് അരക്കുതാഴെ ചലനശേഷിയില്ലാത്ത മുത്തമകൾ രഞ്ജനിപ്രിയ, രഞ്ജനിപ്രിയയെ പരിപാലിക്കാൻ മൂന്ന് വർഷം മുമ്പ് എട്ടാം ക്ലാസ് പഠനം മുടങ്ങിയ രണ്ടാമത്തെ മകൾ ജീവപ്രിയ, മുതലമട സർക്കാർ സ്കൂളിൽ ഒമ്പതാംതരം പഠിക്കുന്ന ജയശ്രീ എന്നിവരുമായി വാടക വീട്ടിലാണ് ശ്രീവള്ളി താമസം.
ലോക്ഡൗൺ മൂലം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഒമ്പതാംതരം പഠിക്കുന്ന ജയശ്രീക്ക് ടെലിവിഷൻ, സ്മാർട്ട് ഫോൺ എന്നിവ ഇല്ലാത്തതിനാൽ പഠനവും മുടങ്ങി. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് ശ്രീവള്ളിയെയും മക്കളെയും വീട്ടിൽനിന്നും ഇറക്കിവിട്ടതോടെ ദുരിതത്തിലായ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ലാത്തത് ലോക്ഡൗൺ ആയതോടെ വാടക നൽകലും മുടങ്ങി.
വല്ലപ്പോഴും ശ്രീവള്ളിക്കു ലഭിക്കുന്ന കൂലിപ്പണിയിലെ വരുമാനം മാത്രമാണ് ജീവിക്കാനുള്ള ഏക മാർഗം. ലോക്ഡൗണിൽ ദുരിതത്തിലായ കുടുംബത്തിന് മുൻഗണനേതര റേഷൻ കാർഡ് ലഭിച്ചത് കനത്ത തിരിച്ചടിയായി. ജീവപ്രിയക്കും ജയശ്രീക്കും പഠനംതുടരാൻ ആഗ്രഹമുണ്ടെങ്കിലും വഴികാണിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. പകുതി ചലനശേഷിയില്ലാത്ത മൂത്തമകൾക്ക് സാമ്പത്തികമില്ലാത്തതിനാൽ ആരോഗ്യം വീണ്ടെടുക്കുവാൻ വിദഗ്ധ ചികിത്സയും ആവശ്യമാണ്. ഇതിനായി സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.