ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി കുടുംബം
text_fieldsപത്തിരിപ്പാല: ചിതലരിച്ചും മഴവെള്ളം വീണും നിലംപൊത്താറായ മൺകൂരയിൽ നിർധന കുടുംബത്തിന്റെ ദുരിത ജീവിതം. ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ അകലൂർ ചീനിക്കോട് പുത്തൻ വളപ്പിൽ പ്രമീളകുമാരിയും 82കാരിയായ അമ്മ കമലാക്ഷിയുമാണ് ഭീതിയോടെ ഇതിനകത്ത് കഴിയുന്നത്.
50 വർഷം മുമ്പ് അനുവദിച്ച വീടാണിത്. മൺചുമരെല്ലാം മഴനനഞ്ഞ് ഇടിഞ്ഞിട്ടുണ്ട്. ചുമർ വിണ്ടുകീറിയതോടെ മേൽക്കൂരയും ഇളകി. വീടിനകത്തേക്ക് മഴവെള്ളം വരുന്നുണ്ട്. വെള്ളം തടുക്കാനായി വീട്ടിനകത്ത് നിരവധി പാത്രങ്ങൾ നിരത്തിവെച്ചിരിക്കുകയാണ്. അടുക്കളയും കോലായിയും വെള്ളം കാരണം നശിച്ച അവസ്ഥയിലാണ്.
ഏതുസമയവും വീട് നിലംപൊത്തുമെന്ന ഭീതിയിലായതിനാൽ രോഗിയായ അമ്മ കമലാക്ഷിയെ ഇവിടെനിന്ന് മകളുടെ വീട്ടിൽ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. 60കാരിയായ പ്രമീള കുമാരിക്ക് അസുഖം മൂലം കൂലിപ്പണിക്ക് പോകാൻപോലും കഴിയാത്ത അവസ്ഥയാണ്. സർക്കാറിൽനിന്ന് ഒരു ആനുകൂല്യവും വീടിനായി ലഭിച്ചിട്ടില്ല. ലൈഫ് പദ്ധതിയിൽ ഇവർ വീടിന് അപേക്ഷിച്ചിട്ടില്ലെന്നാണ് വിവരം. എന്തു ചെയ്യണമെന്നറിയില്ലെന്നാണ് വീട്ടമ്മ പറയുന്നത്.
അർഹതപ്പെട്ട ഇവർക്ക് വീട് അനുവദിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിൽനിന്ന് കിട്ടുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. അന്തിയുറങ്ങാൻ താൽക്കാലികമായി പ്ലാസ്റ്റിക് കവർ ഇട്ടെങ്കിലും സഹായിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. അർഹതപ്പെട്ട ഈ കുടുംബത്തിന് വീടനുവദിച്ച് നൽകാൻ ഗ്രാമപഞ്ചായത്ത് ഇടപെടണമെന്ന് ദലിത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ പി.പി. പഞ്ചാലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.