കർഷക പ്രതിഷേധം; മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കും
text_fieldsപാലക്കാട്: മഴനിലച്ച് വെയിൽ ശക്തമായതോടെ കതിരണിഞ്ഞ പാടങ്ങൾ ഉണക്കു ഭീഷണിയായതിൽ കർഷക പ്രതിഷേധിച്ചതിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ ഡാം തുറന്നുവിടാൻ തീരുമാനം. വെള്ളം കെട്ടിനിൽക്കേണ്ട കതിർവരുന്ന സമയത്ത് വെള്ളക്കുറവിനാൽ ഉണക്കുഭീഷണി നേരിട്ടപ്പോഴാണ് ഡാം തുറക്കണമെന്ന ആവശ്യവുമായി കർഷകർ ജില്ല ഭരണകൂടത്തെ സമീച്ചത്.
മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടണമെന്ന ആലപ്പാടം, പാലക്കോട് പാടശേഖരസമിതി അംഗങ്ങളുടെ അപേക്ഷയിന്മേല് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ സ്ഥല പരിശോധന നടത്തി.
മലമ്പുഴ അണക്കെട്ടിന്റെ ഇടതുകര കനാല്‍ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ നിയന്ത്രിത അളവില്‍ തുറക്കുമെന്നും കര്‍ഷകരുടെ സഹകരണത്തോടെ ജലവിതരണം നടത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
കതിർ വരുന്ന സമയത്ത് വെള്ളക്കുറവ് ഉണ്ടായാൽ നെന്മണിക്ക് വേണ്ടത്ര തൂക്കം ലഭിക്കാതെ വരും. വിള നശിക്കുന്നതോടെ കർഷകന് വൻ തിരിച്ചടിയുണ്ടാകും. ഇതിനാലാണ് കർഷകൻ ഡാം തുറക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
നേരത്തെ മഴ ശക്തമായപ്പോൾ പാടങ്ങളിൽ മുഞ്ഞ അടക്കമുള്ള രോഗങ്ങൾ വ്യാപകമായി പടർന്നിരുന്നു. ഇത് പ്രതിരോധിക്കാൻ വിദഗ്ധരുടെ നിർദേശപ്രകാരം പാടത്തുള്ള വെള്ളം തുറന്നുവിട്ടാണ് മരുന്ന് തളിച്ചിരുന്നത്. തുടർന്നാണ് മഴക്കുറവ് വന്ന് വെയിൽ കനത്തതും നെല്ല് ഉണക്കു ഭീഷണിയിലായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.