താളം തെറ്റിയ കാലവർഷത്തിൽ നട്ടംതിരിഞ്ഞ് കർഷകർ
text_fieldsകെ. മുരളി
പാലക്കാട്: മിഥുനം പിറന്നിട്ടും ജില്ലയിലെ കർഷകരുടെ മനസ്സിൽ ആശങ്കയുടെ കാർമേഘമാണ് ഇപ്പോഴും. വിളയറിക്കിയവരും, വിളയിറക്കാത്തവരുമായ നെൽകർഷകർ സജീവമാകാത്ത കാലവർഷത്തിൽ കടുത്ത ആശങ്കയിലാണ്. ഒന്നാം വിള കാലവർഷത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്കുകൾ ഒഴികെ പതിനൊന്ന് ബ്ലോക്കുകളിലായി ജില്ലയിൽ 39399 ഹെക്ടറിലാണ് ഒന്നാം വിള നെൽകൃഷിയിറക്കുന്നത്. അധികൃതരുടെ കണക്കുപ്രകാരം 16030 ഹെക്ടറിൽ ഒന്നാം വിളയിറക്കിയിട്ടുണ്ട്. ബാക്കി വിളയിറക്കാൻ കഴിയാതെ കർഷകർ തരിശിട്ടിരിക്കുന്നു.
കുഴൽമന്ദം, മലമ്പുഴ ബ്ലോക്കുകളിൽ മാത്രമാണ് താരതമ്യേന കൂടുതൽ വിളയിറക്കാനായത്. ശ്രീകൃഷ്ണപുരം, ഷൊർണൂർ, തൃത്താല ബ്ലോക്കിൽ വളരെ കുറച്ചുമാത്രമേ വിളയിറക്കിയിട്ടുള്ളൂ. വിളയിറക്കിയ കർഷകരും ആകെ ആശങ്കയിലാണ്. പാടശേഖരങ്ങളിൽ ഉയർന്ന കളശല്യമാണുള്ളത്. പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിർത്തി കള നശിപ്പിക്കാനാകുന്നില്ല. വിളക്കൊപ്പം കളയും വളരുന്ന സ്ഥിതിയാണ്.
ഇവ പറിച്ചുമാറ്റാൻ ശ്രമിച്ചാൽ പാതിക്ക് മുറിഞ്ഞ് വരും. വെള്ളമില്ലാത്തതിനാൽ കള വേരോടെ പിഴുത് മാറ്റാനുമാവുന്നില്ല. ഇതിനായി കൂടുതൽ തൊഴിലാളികളെ ഉപയോഗപ്പെടുത്തേണ്ടതിനാൽ ചെലവ് കൂടും. സമയത്ത് വളപ്രയോഗത്തിനുമാകുന്നില്ല. പാടശേഖരങ്ങളിൽ വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് വിളയിറക്കുന്നതിനാൽ വിളവടുപ്പിനെയും ഇവ സാരമായി ബാധിക്കും.
ഏകീകരിച്ച് വിളവെടുപ്പ് നടത്താൻ കഴിയാത്തത് കൊയ്ത്തുയന്ത്രത്തിന്റെ സഞ്ചാരത്തെയും ബാധിക്കും. മാത്രമല്ല, നെൽചെടികളിലെ പരാഗണം, കീടശല്യം തുടങ്ങിയവയും കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇനിയും വിളയിറക്കാത്ത കർഷകർക്ക് മഴ കനിഞ്ഞാൽ പോലും മറ്റ് രീതികൾ സ്വീകരിക്കേണ്ടിവരും.
പലരും നടീലിനായി തയാറാക്കിയ ഞാറ്റടികൾ കാലാവധി കഴിഞ്ഞു. 21 മുതൽ 30 വരെയാണ് ഞാറ്റടിയുടെ കാലാവധി. ഞാറ്റടിയിൽ കീടങ്ങളുടെ ആക്രമണമുണ്ട്. പൊടിവിതയും ഞാറ്റടിയും തയാറാക്കിയ കർഷകർ തുടർ പ്രവൃത്തികൾ നടത്താൻ കഴിയാത്തതിനാൽ ഡാമുകൾ തുറക്കണമെന്ന് ആവശ്യമുയർത്തുന്നു. ജലാശയങ്ങളിൽനിന്നും വെള്ളം പമ്പ് ചെയ്ത് ചിലയിടങ്ങളിൽ തുടർ പ്രവൃത്തികൾ നടത്തുണ്ടെങ്കിലും ഭൂരിഭാഗം കർഷകരും ഇതിന് കഴിയാതെ വിഷമിക്കുകയാണ്.
ജില്ലയിൽ മഴക്കമ്മി തുടരുന്നു
പാലക്കാട്: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷവും ലഭിക്കേണ്ട മഴയുടെ അളവിൽ ഗണ്യമായ കുറവ്. ജൂൺ ഒന്നു മുതൽ 19 വരെ ജില്ലയിൽ ലഭിക്കേണ്ടത് 264.1 മില്ലി മീറ്റർ (എം.എം) മഴയാണ്. എന്നാൽ, ഈ വർഷം ഇതുവരെ 86.4 എം.എം മഴ മാത്രമാണ് ലഭിച്ചത്. 67 ശതമാനത്തിന്റെ കുറവ്. 2022ൽ 69ഉം, 2021ൽ 27 ശതമാനവും മഴയുടെ കുറവ് അനുഭവപ്പെട്ടിരുന്നു.
ജൂൺ ഒന്നു മുതൽ 19 വരെ തൃത്താലയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് ,198.5 എം.എം. കുറവ് ജില്ലയുടെ കിഴക്കൻ മേഖലയായ പറമ്പികുളത്തും-21.8 എം.എം. ജില്ലയുടെ മറ്റ് ഇടങ്ങളിൽ ലഭിച്ച മഴയുടെ കണക്ക് എം.എമ്മിൽ. ചിറ്റൂർ-30, കൊല്ലങ്കോട്-39.2, ആലത്തൂർ-46.9, ഒറ്റപ്പാലം-159.8, പാലക്കാട്-108.9, മണ്ണാർക്കാട്-135.4, പട്ടാമ്പി-169.9.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.