ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് പെരുവമ്പിലെ കർഷകർ
text_fieldsപുതുനഗരം: ജലസേചനത്തിന് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് കർഷകർ. പെരുവമ്പ് പഞ്ചായത്തിൽ തൂക്കിയപാടം പാടശേഖരസമിതിയിലെ കോവിലകംകളത്തിന് സമീപത്തുള്ള നിർമല എന്ന കർഷകയുടെ പാടശേഖരത്തിലാണ് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് ജലസേചനം നടത്തുന്നത്.
ഒരു ടാങ്കർ ലോറിക്ക് 1500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് ആറിലധികം വണ്ടികളിലെത്തിച്ച് ജലസേചനം നടത്തുന്നത്. 70 മുതൽ 90 ദിവസം വരെ പ്രായമായ നെൽച്ചെടികൾ നനച്ചില്ലെങ്കിൽ ഉണങ്ങിപ്പോകുമെന്ന ഘട്ടത്തിലാണ് നനക്കാൻ മുന്നോട്ടുവന്നതെന്നാണ് സമിതിയിലെ കർഷകർ പറയുന്നത്. മലമ്പുഴ ഡാമിൽനിന്നുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെയാണ് തൂക്കിയപാടം പാടശേഖരസമിതിയിലേക്ക് പ്രധാനമായും ജലസേചനം നടക്കുന്നത്.
എന്നാൽ ഇത്തവണ കൃത്യമായി വെള്ളം എത്തിക്കാൻ മലമ്പുഴ ഇറിഗേഷനിലെ ഉദ്യോഗസ്ഥർക്ക് സാധിക്കാത്തതിനാലാണ് കർഷകർക്ക് ടാങ്കറിനെ ആശ്രയിക്കേണ്ടി വന്നത്. പെരുവമ്പ് പഞ്ചായത്തിൽ മാത്രം മലമ്പുഴ, ചിറ്റൂർ പുഴ പദ്ധതി എന്നിവിടങ്ങളിൽ കൃത്യമായി വെള്ളമെത്താത്തതിനാൽ 800 ഏക്കറിലധികം നെൽകൃഷി പ്രതിസന്ധി നേരിടുകയാണ്. കിണറുകളും കുളങ്ങളും ഇല്ലാത്ത ചെറുകിട കർഷകരുടെ 300 ഏക്കറിലധികം നെൽപ്പാടങ്ങൾ രണ്ടാഴ്ചക്കകം ജനസേചനം നടത്തിയില്ലെങ്കിൽ ഉണക്കം പൂർണമായും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.