അകത്തേത്തറയിൽ വീണ്ടും പുലി; ആശങ്കയോടെ നാട്ടുകാർ
text_fieldsഅകത്തേത്തറ: അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. ഗ്രാമപഞ്ചായത്തിലെ മേലേ ചെറാട് ഭാഗത്ത് ജനവാസ മേഖലയിൽ കാടിറങ്ങിയ പുലി വളർത്ത് നായയെ ആക്രമിച്ചു. തെക്കേപരിയത്ത് രാധാകൃഷ്ണന്റെ വളർത്തു നായയെയാണ് പുലി ആക്രമിച്ചത്. വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകി വീട്ടിലെത്തിയ രാധാകൃഷ്ണന്റെ മകൻ ശ്യാം വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ് നായയുടെ കരച്ചിൽ കേട്ടത്. തുടർന്ന് നായയെ ആക്രമിക്കുന്നത് കാട്ടുപന്നിയായിരിക്കാമെന്ന് കരുതി ശ്യാം കല്ലെടുത്ത് എറിയുകയായിരുന്നു.
നായയെ വിട്ട് ഒഴിഞ്ഞുമാറിപ്പോയത് പന്നിയല്ല പുലിയാണെന്ന് തെരുവുവിളക്കിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടതായി ശ്യാം പറഞ്ഞു. അകത്തേത്തറ മലമ്പുഴ റോഡിനടുത്ത് ശാസ്തനഗറിലാണ് മേലേ ചേറാട് പ്രദേശം. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അന്ന് തള്ളപ്പുലിയെ പിടികൂടാൻ നോക്കിയിരുന്നെങ്കിലും നടന്നില്ല. പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽ െവച്ചായിരുന്നു പിടികൂടാൻ ശ്രമം നടത്തിയത്.
എന്നാൽ ഒരു കുഞ്ഞിനെ പുലി, കെണിവെച്ച കൂട്ടിൽനിന്ന് തന്നെ എടുത്തുകൊണ്ടുപോയി. എന്നിട്ടും പുലിയെ പിടികൂടാനായിരുന്നില്ല. പുലി കൊണ്ടുപോകാത്ത പുലിക്കുഞ്ഞിനെ പിന്നീട് വനംവകുപ്പ് മാറ്റിയിരുന്നു. ഉമ്മിനിയിൽ ഉപയോഗിക്കാതിരുന്ന വീട്ടിലാണ് പുലി പ്രസവിച്ചത്. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഈ മേഖലയിൽ പുലി സാന്നിധ്യം. വളർത്തുമൃഗങ്ങളെ വരെ ആക്രമിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്. ദ്രുത പ്രതികരണ സേന രാത്രി കാലപരിശോധന തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.