പാലക്കാട് ജില്ലയിൽ ഇനി ഉത്സവ നാളുകൾ
text_fieldsപാലക്കാട്: ജില്ലയിൽ ഇനി ഉത്സവത്തിന്റെ നാളുകൾ. രണ്ടാം വിള കൊയ്ത്തു കഴിഞ്ഞ കരിമ്പനക്കൂട്ടങ്ങളുടെ നാട്ടിൽ നോക്കത്താ ദൂരം വരണ്ടുണങ്ങിയ പാടങ്ങൾ ഇനി ഉത്സവങ്ങളുടെ വേദിയായി മാറും. ചെറുതും വലുതുമായ നിരവധി വേലകൾക്കും പൂരങ്ങൾക്കുമാണ് ജില്ലയിലെ ഗ്രാമ-നഗര ഭേദമില്ലാതെ വേദിയാവുന്നത്. പടിഞ്ഞാറൻ മേഖലയിൽ വള്ളുവനാടൻ സംസ്കാരവും കിഴക്കൻ മേഖലയിൽ തമിഴ് കലാരൂപങ്ങളുടെ സ്വാധീനവും ജില്ലയുടെ മധ്യഭാഗത്ത് ഇവയുടെ രണ്ടും ഇടകലർന്ന സ്വാധീനവും ജില്ലയുടെ ഉത്സവങ്ങളുടെ മാത്രം പ്രത്യേകതയാണ്.
ഓരോ ഉത്സവങ്ങളും ജാതിമത ഭേദമന്യേ ദേശത്തിന്റെ ആവേശമാണ്. ചിനക്കത്തൂർ പൂരം, പരിയാനമ്പറ്റ, മുണ്ടൂർ-പൂതനൂർ കുമ്മാട്ടി, പട്ടാമ്പി നേർച്ച, ആര്യങ്കാവ് പൂരം, മണ്ണാർക്കാട് പൂരം, ചിറ്റൂർ കൊങ്ങംപട, മണപ്പുള്ളക്കാവ് വേല, നെന്മാറ വേല, കാവശ്ശേരി പൂരം, പൂത്തനായ്ക്കൽ കാള വേല, കുനിശ്ശേരി കുമ്മാട്ടി, പുതുശ്ശേരി വെടി തുടങ്ങിയ ഉത്സവങ്ങൾ ഇവയിൽ ചിലതുമാത്രം.
ഇതിനുപുറമെയാണ് ദിവസങ്ങൾ നീളുന്ന വിഷുവേലകൾ. ഫെബ്രുവരിയിൽ തുടങ്ങി മേയിൽ അവസാനിക്കുന്നതാണ് ജില്ലയിലെ ഉത്സവങ്ങൾ. കോവിഡ് തീർത്ത പ്രതിസന്ധിയിൽ കഴിഞ്ഞ രണ്ടു തവണത്തെ ഉത്സവങ്ങളും ചടങ്ങിൽ മാത്രം ഒതുങ്ങിയെങ്കിൽ ഈ പ്രവാശ്യം നിയന്ത്രണങ്ങളോടെയാണങ്കിലും പൊതുജന പങ്കാളിത്തം അനുവദിച്ചത് ഏവർക്കും സന്തോഷം പകരുന്നതാണ്.
ചെറുകിട കച്ചവടത്തിന്റെയും പൂരം
ജില്ലയിലെ എല്ലാ ഉത്സവങ്ങളും കച്ചവടക്കാർക്ക് പ്രതീക്ഷകൾ നൽകുന്നതാണ്. ഒരു ഉത്സവപ്പറമ്പിൽനിന്ന് മറ്റൊരു ഉത്സവപ്പറമ്പിലേക്ക് എന്നാണ് കച്ചവട പഴമൊഴി. മധുര പലഹാരങ്ങൾ, തുണികൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി തങ്ങളുടെ വാക്ചാതുര്യം കൊണ്ട് എന്തും വിൽക്കാൻ കഴിയുന്ന വേദി കൂടിയാണ് ഓരോ ഉത്സവപ്പറമ്പുകളും. ആദ്യകാലങ്ങളിൽ പണിയാധുങ്ങൾ വാങ്ങുന്നത് പോലും ഇത്തരം ഉത്സവപ്പറമ്പുകളിൽ നിന്നായിരുന്നു.
കരിമരുന്നിന്റെ ആവേശം
ജില്ലയിലെ ഉത്സവങ്ങളിൽ ഒഴിവാക്കാനാവാത്തതാണ് ആകാശത്ത് വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗം. ഇരുളിൽ വിവിധ നിറങ്ങളിൽ വിസ്മയ രൂപങ്ങൾ തീർത്ത് വെളിച്ചം പെയ്തിറങ്ങുന്ന പൂരക്കാഴ്ചകൾ മനസ്സോടു ചേർത്താവും ഓരോരുത്തരും ഉത്സവങ്ങളെ ഓർക്കുക. വിശാലമായി കിടക്കുന്ന പാടങ്ങളിൽ നിശ്ചിത ആഴത്തിൽ കുഴികളെടുത്ത് ഉത്സവദിനത്തിനു മുമ്പേ ഒരുക്കങ്ങൾ നടത്തുന്നത് പതിവ് കാഴ്ചയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശക്തി കൂടിയ കരിമരുന്ന് പ്രയോഗം നടക്കുന്നത് നെന്മാറ വേലയ്ക്കാണ്. കാവശ്ശേരി പൂരവും, കുനിശ്ശേരി കുമ്മാട്ടിയും പുതുശ്ശേരി വെടിയും കരിമരുന്ന് പ്രയോഗങ്ങൾക്ക് പേരുകേട്ടതാണ്. കരിമരുന്ന് പ്രയോഗം കാണാൻ വേണ്ടി മാത്രം അയൽജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും നിരവധിയാളുകൾ ഇവിടെ എത്താറുണ്ട്.
കരിവീരന്മാരുടെ പ്രൗഢി
നെറ്റിപ്പട്ടം കെട്ടിയ ആനകളില്ലാതെ എന്ത് പൂരക്കാഴ്ച. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പൊന്നില്‍കുളിച്ച കരിവീരന്മാരും വിയര്‍പ്പില്‍ മുങ്ങിയ വാദ്യമേളക്കാരും ഉത്സവത്തിന്റെ ആവേശമാണ്. വിവിധ ദേശങ്ങളിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പലനടയിലെത്തുന്ന ഗജവീരന്മാർ ഒന്നിച്ച് അണിനിരക്കുന്ന കാഴ്ച പൂരപ്രേമികളെ ആനന്ദത്തിൽ ആറാടിക്കുന്നതാണ്.
നാടൻ കലാരൂപങ്ങളുടെ ആസ്വാദനം
ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ടതാണ് നാടന്‍ കലാരൂപങ്ങള്‍. ഇവ അതത് ദേശത്തിന്റെ പ്രത്യേകതക്കനുസരിച്ച് പ്രദർശിപ്പിക്കുന്നതാണ് ഓരോ ഉത്സവങ്ങളും. തൊഴില്‍, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വ്യത്യസ്ത കലാരൂപങ്ങള്‍ വിവിധ ഭാവങ്ങളിൽ ഉത്സവങ്ങളിൽ കാണാൻ കഴിയും. പല കലാകാരന്മാരുടെയും പ്രധാന ഉപജീവന മാർഗങ്ങളിലൊന്ന് ഉത്സവകാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.