പനി പാലക്കാട് ജില്ലയിൽ ജാഗ്രതയിൽ
text_fieldsപാലക്കാട്: മഴക്കാലമെത്തിയതോടെ പനിയടക്കം പകർച്ചവ്യാധികളും തലപൊക്കുന്നു. ഡെങ്കി ബാധിച്ചുള്ള മരണം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ജില്ല. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനു (34) ആണ് ശനിയാഴ്ച രാവിലെ കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പനി ലക്ഷണങ്ങളുമായി കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത അറിയിച്ചു. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ മാരകമായേക്കാം. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഡെങ്കിപ്പനി വരാതിരിക്കാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
കൊതുകിനെ കരുതാം, കുടിവെള്ളവും
വേനൽമഴ കാര്യമായി ലഭിച്ചതോടെ ഡങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ടയറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയെല്ലാം നീക്കണം.
റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം കളഞ്ഞ് കമഴ്ത്തിവെക്കണം. ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകു കടിയിൽനിന്ന് രക്ഷ തേടുന്നത് ഡെങ്കിയടക്കം പകർച്ചവ്യാധികൾക്ക് തടയിടാൻ സഹായകമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും കിണറുകൾ കൃത്യമായ ഇടവേളകളിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്താനും ശ്രദ്ധിക്കണം. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡെങ്കി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ കൂട്ടായ പ്രവർത്തനവും ജാഗ്രതയും ആവശ്യമാണ്.
ഡെങ്കിയെന്ന വില്ലൻ
കഴിഞ്ഞ 17ദിവസത്തിനിടെ പനിയും അനുബന്ധ ലക്ഷണവുമായി ജില്ലയിൽ ആശുപത്രിയിലെത്തിയത് 10,180 പേരാണ്. ഇതിൽ കിടത്തിച്ചികിത്സക്ക് വിധേയരായത് 150 പേർ. ജില്ലയിൽ വിവിധ ആശുപത്രികളിലായി അവസാനം ലഭിക്കുന്ന കണക്കുകളനുസരിച്ച് ഈ ദിവസത്തിനിടെ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 292 പേരാണ്. 30 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.
ഡെങ്കിയടക്കമുള്ള അസുഖങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. പനി, തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പും വേദനയും എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. കോവിഡ് പശ്ചാത്തലത്തിൽ ആദ്യം അടുത്തുള്ള ആശാ പ്രവർത്തകരെ വിവരം അറിയിക്കണം. ഇവർ മുഖേന ചികിത്സ സൗകര്യം ലഭിക്കും. പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കണം.
ഡെങ്കിപ്പനി വിവിധ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്നുപോകാം.
ചിലപ്പോൾ രോഗം സങ്കീർണമായി രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരാത്ത രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണം.
കിണറുകൾ വൃത്തിയാക്കുന്നതിങ്ങനെ..
ഒമ്പതടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് (ഒരുപടവ്) അര ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ കണക്കിലാണ് ചേർക്കേണ്ടത്. ആദ്യമായാണ് ചെയ്യുന്നതെങ്കിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. ഇതിനായി ബ്ലീച്ചിങ് പൗഡറിന്റെ മേൽപ്പറഞ്ഞ അളവ് ഇരട്ടിയാക്കണം. ആവശ്യത്തിനുള്ള ബ്ലീച്ചിങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളവുമായി നന്നായി ഇളക്കി ചേർത്ത ശേഷം പത്തു മിനിറ്റോളം ഊറാൻ അനുവദിക്കണം. തുടർന്ന് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് നന്നായി ഇളക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.