കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ്
text_fieldsപാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ്. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റിവായാല്‍ സാധാരണ പനിക്കുള്ള വീട്ടുചികിത്സ ചെയ്യുകയും പതിവുണ്ട്. എന്നാല്‍, ഇത് ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാല്‍ പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത പറഞ്ഞു. ജില്ലതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്കൂള്‍ തുറക്കലിെൻറ പശ്ചാത്തലത്തിലാണ് ജില്ല മെഡിക്കല്‍ ഓഫിസിെൻറ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിൽനിന്ന് പകര്‍ച്ചവ്യാധി പ്രതിരോധം ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡ് അടച്ചുപൂട്ടലിനുശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസ് റൂമുകള്‍, ജലസംഭരണികള്‍, സ്റ്റോര്‍ റൂമുകള്‍, കൂളറുകള്‍ എന്നിവ പ്രത്യേകം ശുചിയാക്കണമെന്ന് ഡി.എം.ഒ നിർദേശിച്ചു. ചെക്പോസ്റ്റുകളില്‍ എത്തുന്നവർ, ഭക്ഷ്യവസ്തുക്കള്‍, മൃഗങ്ങള്‍ എന്നിവയുടെ പരിശോധന കര്‍ശനമാക്കുക, സിവില്‍ സ്റ്റേഷന് പരിസരം പി.ഡബ്ല്യു.ഡി, ഫയര്‍ ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെ വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തില്‍ അറിയിച്ചു.
ജില്ല കലക്ടര്‍ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ല സർവൈലൻസ് ഓഫിസർ ഡോ. ടി.എ. അനൂപ് കുമാർ പകർച്ചവ്യാധി പ്രതിരോധ റിപ്പോർട്ട് അവതരിപ്പിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണം, ആയുര്‍വേദം, ഹോമിയോ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടര്‍ അതോറിറ്റി, നഗരസഭ, ഐ.എം.എ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
സ്കൂൾ തുറക്കൽ: ആരോഗ്യവകുപ്പിനും ആശങ്ക
കല്ലടിക്കോട്: കോവിഡ് കാലത്ത് സ്കൂൾ തുറക്കുമ്പോൾ ആരോഗ്യ വകുപ്പ് കണ്ണും കാതും കൂർപ്പിച്ച് ജാഗ്രതയിലാണെങ്കിലും ഒരു വിദ്യാലയത്തിന് ഒരു ഡോക്ടറെ നിയമിക്കാൻ നിലവിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് പ്രായോഗിക തലത്തിൽ പ്രയാസം സൃഷ്ടിക്കുന്നു. ഓരോ പഞ്ചായത്തുകളിലും 10ലധികം സ്കൂളുകളുണ്ട്. മിക്ക പഞ്ചായത്തുകളിലും ഗവ. ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാരുടെ സേവനമാണ് നിലവിൽ കിട്ടുന്നത്. ഹോമിയോ, അലോപ്പതി, ആയുർവേദ ഡോക്ടർമാരുടെ സേവനം ഉപയുക്തമാക്കിയാലും പ്രയാസങ്ങൾ കുറയില്ല.
അതാത് ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറയോ കുടുംബാരോഗ്യ കേന്ദ്രത്തിെൻറയോ കീഴിൽ ജാഗ്രത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അതാത് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനാണ് നിലവിലെ തീരുമാനം.
ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിങ് സ്റ്റാഫ് അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും സ്കൂളിെൻറ മേൽനോട്ട ചുമതല നൽകി പ്രവർത്തനം ക്രമീകരിക്കും. ഇതിനായി ആരോഗ്യ പ്രവർത്തകരുടെ പ്രാതിനിധ്യം അധ്യാപക രക്ഷാകർതൃ സമിതികളിൽ ഉറപ്പാക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ ആധിക്യമുള്ള പ്രദേശങ്ങളിൽ ഒന്നിലധികം വിദ്യാലയങ്ങളുടെ ചുമതല ഒരു ജീവനക്കാരൻ നിർവഹിക്കേണ്ടി വരും. പ്രഥമ ശ്രുശ്രൂഷകിറ്റ് ഒരുക്കിവെക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.