സാമ്പത്തിക പ്രതിസന്ധി; ഫണ്ട് വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് പാലക്കാട് നഗരസഭ
text_fieldsപാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാർഡുകൾക്ക് വികസനപ്രവർത്തനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് പാലക്കാട് നഗരസഭ. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ചെയർപേഴ്സൻ വിഷയം കൗൺസിലിന്റെ മുമ്പിൽ അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നഗരസഭ കടന്നുപോകുന്നത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ സർക്കാർ 42 കോടി ഫണ്ട് വെട്ടിച്ചുരുക്കി. ഇത് നഗരസഭയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിന്റെ ബാധിക്കുന്നുണ്ട്. വാർഡുകളുടെ പ്ലാൻ ഫണ്ടുകളിലും സമാനമായി വെട്ടിച്ചുരുക്കലുകളില്ലാതെ മുന്നോട്ടുപോവാനാവില്ലെന്നും ചെയർപേഴ്സൻ പ്രിയ കെ. അജയൻ പറഞ്ഞു. നിലവിൽ 20 ലക്ഷം വീതമാണ് വാർഡുകൾക്കായി ഫ്ലാൻ ഫണ്ടായി നീക്കിവെച്ചത്. ഇത് 12 ലക്ഷമെങ്കിലുമാക്കി ചുരുക്കിയാലേ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാനാവൂ എന്ന് വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് പറഞ്ഞു.
കിട്ടാനുള്ളത് പറയുന്നു, കിട്ടിയത് കളയുന്നുവെന്ന് വെട്ടിച്ചുരുക്കിയ ഫണ്ടിന്റെ കണക്ക് പറയുന്നവർ പദ്ധതികൾ നടപ്പാക്കാതെ പാഴാക്കിയ ഫണ്ടിന്റെ കണക്കുകൂടി കൗൺസിലിൽ അവതരിപ്പിക്കണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ നടപടിക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കോൺഗ്രസ് കൗൺസിലർ ഭവദാസ് പറഞ്ഞു. തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ നഗരസഭ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം.
നഗരവികസനത്തിനായി കക്ഷിഭേദമന്യേ ഒന്നിക്കണം. ഫണ്ട് പാഴാക്കിയെങ്കിൽ അതിന് ഉത്തരവാദി ഭരണകക്ഷിയാണെന്നും ഭവദാസ് പറഞ്ഞു. എന്നാൽ പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനത്താണ് പാലക്കാട് നഗരസഭയെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ഏതാനും പദ്ധതികൾ പ്രായോഗിമല്ലെന്ന് കണ്ട് നീക്കിവെക്കേണ്ടിവന്നുവെന്നത് ശരിയാണെന്നും വൈസ് ചെയർമാൻ കൗൺസിലിനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.