കല്ലടിക്കോട്ട് ഫർണിച്ചർ കടയിൽ അഗ്നിബാധ
text_fieldsകല്ലടിക്കോട്: ഫർണിച്ചർ കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അഗ്നിബാധ, വൻനാശനഷ്ടം. നിരവധി ഫർണിച്ചറുകളും മര ഉരുപ്പടികളും കത്തിച്ചാമ്പലായി. തൊട്ടടുത്ത് താഴെ വാടകമുറികളിൽ പ്രവർത്തിച്ചിരുന്ന മൊബൈൽ കട, മെഡിക്കൽ ഷോപ്, അക്ഷയകേന്ദ്രം, കടകൾക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, ഗുഡ്സ് ഓട്ടോ എന്നിവയിലേക്ക് തീപടർന്നു നാശനഷ്ടങ്ങൾ ഉണ്ടായി.
പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികെ കല്ലടിക്കോട് സഹകരണ ബാങ്കിന് സമീപം ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള റിറ്റ്സ് എന്ന ഫർണിച്ചർ കടക്കാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കെട്ടിടത്തിൽനിന്ന് പുകപടലങ്ങൾ ഉയരുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. കാരണം വ്യക്തമല്ല. മണ്ണാർക്കാട്, പാലക്കാട് കോങ്ങാട് നിലയങ്ങളിൽനിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീനിയന്ത്രണ വിധേയമായത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.
സംഭവമറിഞ്ഞെങ്കിലും ആളിപ്പടരുന്ന തീയണക്കാൻ സജ്ജീകരണങ്ങൾ ഇല്ലാത്തതും അഗ്നിരക്ഷസേനക്ക് സ്ഥലത്തെത്താൻ വഴിയിൽ ഗതാഗത തടസ്സമനുഭവപ്പെട്ടതും പ്രയാസങ്ങൾ സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.