ഇമേജ് പ്ലാന്റിലെ തീ രണ്ടാം ദിവസവും അണഞ്ഞില്ല: മാലിന്യം കുന്നുകൂടാൻ ഇടയാക്കുമെന്ന് ആശങ്ക
text_fieldsപാലക്കാട്: മലമ്പുഴ മാന്തുരുത്തിയിലെ ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്കരണ ഗോഡൗൺ കത്തിയമർന്നത് മാലിന്യം കുന്നുകൂടാൻ ഇടയാക്കുമെന്ന് ആശങ്കയുയർന്നു. സംസ്ഥാനത്തെ 18,191 ആരോഗ്യകേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യമാണ് മലമ്പുഴയിലെ 'ഇമേജ്' പ്ലാന്റിൽ എത്തിച്ച് സംസ് കരിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലെ 16,559 സ്വകാര്യ ആശുപത്രികളിലേയും 1632 സർക്കാർ ആശുപത്രികളിലേയും മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് സംസ്ഥാനത്തെ 1446 കോവിഡ് സെന്ററുകളിൽനിന്നുള്ള മാലിന്യവും ഇങ്ങോട്ടാണ് എത്തിക്കുന്നത്. ഗോഡൗണുകളിൽ ഒന്ന് തീപിടിത്തത്തിൽ നശിച്ചതിനാൽ തുടർന്നുള്ള ദിവസങ്ങളിൽ എത്തുന്ന മാലിന്യം സൂക്ഷിക്കുന്നത് പ്രയാസമാകും.
ഓരോ ദിവസവും എത്തുന്ന മാലിന്യത്തിന്റെ തോത് ഉയർന്നുവരുന്നതിനാൽ യഥാസമയം സംസ്കരിക്കുക ബുദ്ധിമുട്ടാണ്. അതാണ് പ്ലാന്റിൽ മാലിന്യം കുന്നുകൂടാൻ കാരണമായത്. ഗോഡൗൺ കെട്ടിടത്തിന് പുറത്തേക്കും പ്ലാസ്റ്റിക് മാലിന്യം വ്യാപിച്ചുകിടക്കുകയാണ്. 20 ലോഡെങ്കിലും മാലിന്യം കത്തിയമർന്ന പ്ലാന്റിൽ ഉണ്ടായിരുന്നു. സംസ്കരണ പ്ലാന്റിനോ ഉപകരണങ്ങൾക്കോ തീപിടിച്ചിട്ടില്ല. അതിനാൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെക്കേണ്ട അവസ്ഥയില്ലെന്ന് ഐ.എം.എ അധികൃതർ പറയുന്നു.
എന്നാൽ, അഗ്നിബാധ മൂലം ഗോഡൗൺ നശിച്ചതിനാൽ മാലിന്യനീക്കം മന്ദഗതിയിലാകും. നിലവിൽ സംസ്ഥാനത്തെ മുഴുവൻ ബയോ മെഡിക്കൽ മാലിന്യവും സംസ്കരിക്കുന്നത് ഇമേജിലാണ്. ബയോ മെഡിക്കൽ പ്ലാന്റ് സ്ഥാപിക്കാൻ തിരുവനന്തപുരം പാലോട് ഏഴ് ഏക്കർ സ്ഥലവും എറണാകുളം ബ്രഹ്മപുരത്ത് മൂന്ന് ഏക്കർ സ്ഥലവും ലഭ്യമായിരുന്നു. എന്നാൽ പരിസരവാസികളുടെ എതിർപ്പുമൂലം പ്ലാന്റുകൾ തുടങ്ങാൻ പ്രയാസമായി. ഈ രണ്ടു പ്ലാന്റുകളും തുടങ്ങാൻ കഴിയാത്തതാണ് മലമ്പുഴയിലെ പ്ലാന്റിൽ മാലിന്യം കുന്നുകൂടാൻ കാരണമായത്. മാലിന്യം സംഭരിച്ച വകയിൽ സർക്കാർ ആശുപത്രികളിൽനിന്നും ആറു കോടി രൂപയോളം ഐ.എം.എക്ക് ലഭിക്കാനുണ്ടെന്നും അധികൃതർ പറയുന്നു. ഇമേജിന്റെ പ്രവർത്തനം സുരക്ഷിതമല്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. സ്ഥലപരിമിതിയും പരിസ്ഥിതി പ്രശ്നങ്ങളും നിലനിൽക്കുന്നു. വിഷയം സർക്കാർ ഗൗരവമായി കാണണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു.
രണ്ടാം ദിവസവും തീയണഞ്ഞില്ല
പാലക്കാട്: മലമ്പുഴ മാന്തുരുത്തിയിലെ ഐ.എം.എയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. അണക്കുക അസാധ്യമായതിനാൽ ഗോഡൗണിലെ പ്ലാസ്റ്റിക് മാലിന്യം കത്തിയമരാൻ വിട്ടിരിക്കുകയാണ്. രണ്ടാം ദിവസവും തീ പൂർണമായി അണഞ്ഞിട്ടില്ല. മറ്റിടങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്. പാലക്കാട്, കഞ്ചിക്കോട് അഗ്നിരക്ഷ കേന്ദ്രങ്ങളിലെ രണ്ട് യൂനിറ്റുകൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.