വിളിച്ചുവരുത്തണോ ദുരന്തം...
text_fieldsപുതുനഗരം: ട്രെയിൻ മാർഗം പടക്കങ്ങൾ കൊണ്ടുവരുന്നത് വ്യാപകമെന്ന് ആക്ഷേപം. പൊള്ളാച്ചി-പാലക്കാട് റൂട്ടിലും കോയമ്പത്തൂർ-പാലക്കാട് റൂട്ടിലുമാണ് ചെറിയ പെട്ടികളിൽ പടക്കങ്ങൾ കൊണ്ടുവരുന്നത്. ട്രെയിൻ മാർഗം പടക്കം കൊണ്ടുവരുന്നത് റെയിൽവേ നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ വകവെക്കാതെയാണ് ശിവകാശിയിൽനിന്നും മധുരയിൽ നിന്നുമെല്ലാം പാർസൽ ബുക്ക് ചെയ്തും അല്ലാതെയും പടക്കം എത്തിക്കുന്നത്.
പ്ലാസ്റ്റിക്, കയർ, വസ്ത്ര സാമഗ്രികളായും കാണപ്പെടുന്ന പാർസലുകളാണ് പടക്കങ്ങൾ എത്തുന്നത്. കൊല്ലങ്കോട്, പുതുനഗരം, മുതലമട എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ സ്റ്റേഷനുസമീപം വേഗത കുറക്കുമ്പോഴും നിർത്തിപോകുന്ന സമയങ്ങളിലും പടക്ക സാമഗ്രികൾ വലിച്ചെറിഞ്ഞ് പിന്നീട് വാഹനത്തിൽ കയറ്റി പോകുന്ന പ്രവണതയുമുണ്ട്. റോഡ് മാർഗത്തിലൂടെ പച്ചക്കറി വാഹനങ്ങളിലും പലചരക്ക് വാഹനങ്ങളിലും അതിർത്തി വഴി പടക്കങ്ങൾ എത്തുന്നുണ്ട്.
കടുത്ത ചൂടിൽ സുരക്ഷ മുൻകരുതലില്ലാതെ പടക്കങ്ങൾ കൊണ്ടുവരുന്നത് ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി അതിർത്തികളിലും മറ്റും പരിശോധന ശക്തമാണെങ്കിലും കഴിഞ്ഞ ദിവസം ഗോവിന്ദാപുരം അതിർത്തികടന്ന് വന്ന വാഹനത്തിൽ നിന്നാണ് പുതുനഗരം പൊലീസ് പടക്കം പിടികൂടിയത്. അതിർത്തിയിൽ പരിശോധന കാര്യക്ഷമമല്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ഊടുവഴികളിലൂടെയും പടക്കങ്ങൾ കടത്തിവരുന്ന വാഹനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് എത്തുന്നുണ്ട്. പൊലീസും എക്സൈസും തെരഞ്ഞെടുപ്പ് സ്കോഡും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.