വിഷു: പടക്ക വിപണി സജീവം
text_fieldsഒറ്റപ്പാലം: കോവിഡ് ഭീഷണിയെത്തുടർന്ന് രണ്ടുവർഷവും നനഞ്ഞുകിടന്ന പടക്ക വിപണി ഇക്കുറി വിഷുവെത്തും മുമ്പേ സജീവം. ആശങ്കകൾ നീങ്ങിയതോടെ സഹകരണ ബാങ്കുകൾ വിപുലമായ ശേഖരവുമായി വിപണിയിലുണ്ട്. കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, ഓലപ്പടക്കം തുടങ്ങിയ പരമ്പരാഗത പടക്ക ഇനങ്ങളോടുള്ളതിനേക്കാൾ പുതുതലമുറക്ക് പ്രിയം ശക്തികൂടിയതും വേഗതയുള്ളതുമായ ചൈനീസ് പടക്കങ്ങളോടാണ്. വാനിലേക്ക് കുതിച്ചുയർന്ന് 120 തട്ടുകളായി വർണം വാരിവിതറുന്ന ബ്ലൂ സ്റ്റാറിന് 2,300 രൂപയാണ് വില. ഇനി ഇതിന്റെ ഇരട്ടി തട്ടുകളുള്ളതിനാണെങ്കിൽ 3,800 രൂപ മുടക്കണം.
ന്യൂ ഫ്ലോർ പോട്ട് സ്പെഷൽ ഇനം പൂക്കുറ്റിക്ക് 230-240 രൂപയാണ് സഹകരണ ബാങ്കിന്റെ പടക്ക വിപണിയിലെ വില. കളർ കോട്ടി, സെൽഫി (5 ഇൻ 1) എന്നീ ഇനം പൂക്കുറ്റികൾക്ക് യഥാക്രമം 460ഉം 412ഉം രൂപയാണ് വില. ഒഡ് ബോഡ്സ്, ക്രാകിങ് ഷോട്ട് തുടങ്ങിയ പേരുകളിൽ വർണങ്ങൾ വിരിയുന്ന പടക്കങ്ങളുടെ വൻ ശേഖരം തന്നെ സഹകരണ ബാങ്കുകൾ നടത്തുന്ന പടക്ക വിപണികളിൽ ഇടം പിടിച്ചിട്ടുണ്ട്.
പോക്കറ്റിന്റെ കനത്തിന് അനുസരിച്ച് തെരഞ്ഞടുക്കാൻ സൗകര്യമുണ്ട്. നിലച്ചക്രം 100-195, കമ്പിത്തിരി 10-65 എന്നിങ്ങനെ കുറഞ്ഞ വിലയിലും ലഭ്യമാണ്. ഓലപ്പടക്കം 100 എണ്ണത്തിന് 240 രൂപക്കാണ് വിൽപന. വിഷുദിനം അടുക്കുമ്പോൾ നാടൻ ഉൽപന്നമെന്നതിനാൽ ഇതിന് വില അൽപം ഉയരാനും സാധ്യതയുണ്ട്.
ഒറ്റപ്പാലം മാർക്കറ്റിങ് സൊസൈറ്റിയാണ് ആദ്യകാലത്ത് വിഷുവിന് പടക്ക വിപണിയുമായി രംഗത്തുണ്ടായിരുന്നത്. പിന്നീട് സർവിസ് സഹകരണ ബാങ്കുകളും ലൈസൻസ് കരസ്ഥമാക്കി വിഷുക്കാലത്ത് പ്രത്യേകം കൗണ്ടറുകൾ തുറന്ന് പടക്ക കച്ചവടം നടത്തിവരുന്നുണ്ട്. ശിവകാശിയിൽനിന്ന് നേരിട്ടാണ് സംഘങ്ങൾ പടക്ക ശേഖരം വാങ്ങുന്നത്.
അതുകൊണ്ടുതന്നെ കുറഞ്ഞ വിലയിൽ വിൽപന നടത്താനാകുമെന്ന് സംഘം മേധാവികൾ പറയുന്നു. സ്വകാര്യ വിപണികളിലെ പോലെ ആളും തരവും നോക്കിയുള്ള വിൽപനക്കും വിലപേശലിലിനും ഇവിടെ അവസരമില്ല. അമ്പലപ്പാറ സർവിസ് സഹകരണ ബാങ്കിന് കീഴിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ച പടക്ക വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ.വി. സോമസുന്ദരൻ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.