ഒന്നാം വിള: മുന്നൊരുക്കത്തിൽ വീഴ്ച വരുത്തി സപ്ലൈകോ
text_fieldsപാലക്കാട്: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണ മുന്നൊരുക്കത്തിൽ കാലതാമസം വരുത്തി സപ്ലൈകോ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ ആദ്യവാരം സംഭരണം തുടങ്ങിയെങ്കിൽ ഇത്തവണ നടപടികൾ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്തെ മില്ലുടമകളുമായി ഇതുവരെ കരാറിലെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ മലയോര മേഖലകളിലെ ചിലയിടങ്ങളിലും കൊയ്ത്ത് തുടങ്ങി. എന്നാൽ, സംഭരണം നീണ്ടുപോകുന്നത് കർഷകരെ സാരമായി ബാധിക്കും.
ഓരോ വർഷവും 52 ഓളം സ്വകാര്യ മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് അരിയാക്കി തിരികെ നൽകുന്നത്. സഹകരണ മേഖലയുടെ സഹകരണത്തോടെയായിരിക്കും ഒന്നാംവിള നെല്ല് സംഭരണമെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തതയില്ല. മുൻവർഷങ്ങളിൽ ഈ രീതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങി. സപ്ലൈകോ-സഹകരണ വകുപ്പുകളുടെ ഏകോപനമില്ലായ്മയായിരുന്നു കാരണം. കഴിഞ്ഞ സീസണിലെ രണ്ടാം വിളയിൽ സംഭരിച്ച നെല്ലിന്റെ പണം പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. വിളവെടുപ്പ് നടത്തി ആറുമാസം കഴിഞ്ഞാണ് ഭൂരിഭാഗം കർഷകർക്കും പണം നൽകിത്തുടങ്ങിയത്.
നെല്ല് സംഭരണത്തിന്റെ മറവിൽ അഴിമതി -സി. കൃഷ്ണകുമാർ
പാലക്കാട്: നെല്ല് സംഭരണത്തിന്റെ മറവിൽ സംസ്ഥാന സർക്കാറും മില്ലുടമകളും ഏജന്റുമാരും ചേർന്ന് കർഷകരെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ‘പ്രൊസസിങ് ചാർജ്’ പേരിൽ വൻതുകയാണ് മില്ലുടമകൾക്ക് നൽകുന്നത്. കുട്ടനാട്ടിൽ സംഭരണത്തിന്റെ മറവിൽ കൃഷിഭൂമിയുടെ വിസ്തൃതി കൂടുതൽ കാണിച്ച് വൻ തട്ടിപ്പാണ് അരങ്ങേറിയത്. ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണം സംബന്ധിച്ച് മില്ലുടമകളുമായി ചർച്ച പോലും സർക്കാർ ആരംഭിച്ചിട്ടില്ല. എപ്പോൾ എങ്ങനെ സംഭരിക്കുമെന്ന് വ്യക്തതയില്ല.
മൂന്ന് വർഷമായി സംസ്ഥാന സർക്കാർ ഉൽപാദക ബോണസ് നൽകുന്നില്ലെന്നും സി. കൃഷ്ണകുമാർ ആരോപിച്ചു. കെ.പി. സുരേഷ്, പി. രമേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.