കാഴ്ചപരിമിതിയെ തോൽപിച്ച് ഒന്നാം ക്ലാസുകാരൻ അമീൻ
text_fieldsകെ.എൻ. അമീൻ, അമീനിന്റെ പുസ്തകം
പാലക്കാട്: കാഴ്ചപരിമിതിയെ തോൽപിച്ച് പെൻസിൽ കൊണ്ട് അമീൻ വരച്ച ചിത്രങ്ങൾക്കും എഴുതിയ കഥകൾക്കും നിറമേകി സ്കൂൾ അധികൃതർ. പാലക്കാട് സുൽത്താൻപേട്ട ജി.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി കെ.എൻ. അമീനിന്റെ (ആറ്) കൊച്ചു രചനകളാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പുസ്തകരൂപത്തിലാക്കി പ്രകാശനം ചെയ്തത്.
ജന്മനാ വലത് കണ്ണിന് പൂർണമായും കാഴ്ചയില്ലാത്ത അമീന് ഇടതു കണ്ണിന് അഞ്ചു ശതമാനം കാഴ്ചശേഷി മാത്രമാണുള്ളത്. അമീനെ കുറിച്ച് വരച്ച ചിത്രങ്ങളും എഴുതിയ കഥകളും ഉൾപ്പെടെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പുസ്തകപ്രകാശനത്തിന് ആശംസ അറിയിച്ചായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.
ഒന്നാം ക്ലാസുകാർക്കുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള രചനോത്സവവുമായി ബന്ധപ്പെട്ടാണ് അമീനിന്റെ രചനകൾ പ്രകാശനം ചെയ്തത്. ‘എന്റെ കഥകൾ’ എന്ന് പേരിട്ടിട്ടുള്ള പുസ്തകത്തിൽ പൂവൻകോഴിയും പൂച്ചയും, കുട്ടിക്കുരങ്ങനും കുഞ്ഞിക്കിളിയും, ഓട്ടോറിക്ഷയും സ്കൂട്ടറും, മുയലുകൾ തുടങ്ങിയ വിവിധ തലക്കെട്ടുകളിലായാണ് കുഞ്ഞു കഥകളും ചിത്രങ്ങളുമുള്ളത്. അമീൻ പഠനത്തിലും മുന്നിലാണെന്ന് അധ്യാപിക ഷക്കീറ പറയുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. പ്രത്യേക പെൻസിൽ ഉപയോഗിച്ചാണ് എഴുതുന്നത്.
സംസ്ഥാനത്ത് ഒന്നാം ക്ലാസിലെ പഠനപ്രവർത്തനങ്ങൾ ഏകോപനം ചെയ്യുന്ന അധ്യാപകന് അമീനിന്റെ ചിത്രങ്ങളും രചനകളും ഷക്കീറ അയച്ചുകൊടുത്തതോടെയാണ് വിവരമറിഞ്ഞ് മന്ത്രി ആശംസ നേർന്നത്. പാലക്കാട് സ്വദേശിയായ അഡ്വ. നൗഫലിന്റെയും ഷാഹിദയുടെയും മൂന്ന് ആൺമക്കളിൽ ഇളയ കുട്ടിയാണ് അമീൻ. പഠനോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ അമീനിന്റെ പുസ്തകം പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. ജിഞ്ചു ജോസ് പ്രകാശനം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.