സ്വന്തം കെട്ടിടത്തിൽ സംസ്ഥാനത്തെ ആദ്യ ജില്ല പി.എസ്.സി ഒാഫിസ് തുറന്നു
text_fieldsപാലക്കാട്: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ല പി.എസ്.സി ഓഫിസ് പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാലു നിലകളിലായി 17,860 ചതുരശ്ര അടിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിൽ രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷ കേന്ദ്രമാണ് പാലക്കാേട്ടത്. ഒന്നാം നിലയില്‍ എന്‍ക്വയറി, തപാല്‍ വിഭാഗങ്ങള്‍, പരിശോധന ഹാള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയില്‍ ഓഫിസ്, ഇൻറര്‍വ്യൂ ഹാള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.
രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണിത്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ പരീക്ഷകേന്ദ്രം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കേരള പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ അധ്യക്ഷനായി. ജില്ല ഓഫിസ് പ്രവർത്തനോദ്ഘാടനം നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് ഓണ്‍ലൈനായി നിർവഹിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷൈലജ, കമീഷന് അംഗങ്ങളായ സി. സുരേശന്, ഡോ. കെ.പി. സജിലാല്‍, ടി.ആര് അനില്‍കുമാര്‍, മുഹമ്മദ് മുസ്തഫ കടമ്പോട്ട്, ഡോ. സി.കെ ഷാജിബ്, കലക്ടര്‍ മൃണ്മയി ജോഷി, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്, പാലക്കാട് ജില്ല ഓഫിസര്‍ മുകേഷ് പരുപ്പറമ്പത്ത്, പാലക്കാട് പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ യു.പി ജയശ്രീ എന്നിവര്‍ സംസാരിച്ചു. പി.എസ്.സി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയ കോഴിക്കോട് മൂപ്പന്‍സ് ആസ്ടെക് കോണ്‍ട്രാക്ടിങ് ചെയര്മാന് അഹമ്മദ് മൂപ്പന് പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ മൊമേൻറാ നല്കി ആദരിച്ചു.
പാലക്കാട് മെഡിക്കൽ കോളജിലെ നിയമനം സംവരണ മാനദണ്ഡങ്ങൾ പാലിച്ച് –പി.എസ്.സി ചെയർമാൻ
പാലക്കാട്: പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിലവിലുള്ള സംവരണ മാനദണ്ഡങ്ങളനുസരിച്ചാണ് നിയമനം നടത്താനാവുകയെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ. വഖഫ് ബോർഡിലേതുപോലെയോ ദേവസ്വം ബോർഡ് പോലെയോ പട്ടികജാതിവകുപ്പിനു കീഴിലെ സ്ഥാപനത്തിൽ പ്രത്യേക നിയമനം സാധ്യമല്ല. സംവരണ തത്ത്വങ്ങൾ പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമേ നടത്താനാകൂ.
റാങ്ക് ലിസ്റ്റുകൾ ചുരുക്കുന്നതിൽ അപ്രായോഗികതയുണ്ട്. ഒഴിവിന് ആനുപാതികമായി സംവരണ തത്ത്വങ്ങൾ പാലിച്ചുകൊണ്ട് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ ജസ്റ്റിസ് ദിനേശൻ കമീഷനെ നിയമിച്ചിട്ടുണ്ട്. കമീഷൻ ശിപാർശ കൂടെ ലഭിച്ചേശഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനാവും. എല്ലാ തസ്തികളിലേക്കും സിലബസ് പരിഷ്കരണം കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.