അപ്രതീക്ഷിത മഴയിൽ ഷൊർണ്ണൂരിൽ ഏറ്റുമീൻ പിടിത്തം സജീവം
text_fieldsഷൊർണൂർ: അപ്രതീക്ഷിത മഴയിൽ ഒറ്റ ദിവസം കൊണ്ട് പാടങ്ങളും തോടുകളുമൊക്കെ ജലസമൃദ്ധമായതോടെ ഏറ്റുമീൻ പിടിത്തവും സജീവം. ഇടവപ്പാതിക്ക് ശേഷം ജൂൺ രണ്ടാം വാരത്തിൽ തോടുകളിലൊക്കെ വെള്ളം കൂടുമ്പോഴാണ് സാധാരണ ഏറ്റുമീൻ പിടിത്തം നടക്കാറുള്ളത്. ചില വർഷങ്ങളിലൊക്കെ അത് ജൂലൈ മാസത്തേക്കും നീളാറുണ്ട്.
തോടുകളിൽ ഒഴുക്കുണ്ടായി ചിറ കവിയുമ്പോൾ വെള്ളം വീഴുന്ന ഭാഗത്ത് വല കെട്ടിത്തൂക്കിയാണ് ഏറ്റുമീൻ പിടിക്കുക.
സാധാരണ മാർക്കറ്റുകളിൽ ലഭ്യമല്ലാത്ത വരാൽ, മനിഞ്ഞിൽ, പരൽ, കൊയ്ത്ത, കുറുന്തല, കോട്ടി, പൂഴാൻ, മൊയ്യ്, ആരൽ എന്നിങ്ങനെയുള്ള മീനുകളാണ് ഏറ്റുമീനുകളായി ലഭിക്കുക. പുഴയിൽനിന്നും കയറി വരുന്ന വാളയടക്കമുള്ള വലിയ മീനുകളെയും ലഭിക്കാറുണ്ട്. സീസണിൽ മാത്രം കാര്യമായി ലഭിക്കുന്ന ഈ മീനുകൾക്ക് വലിയ ഡിമാൻഡാണ്. കിലോക്ക് 200 മുതൽ മുകളിലേക്കാണ് വില. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് മീൻപിടിത്തമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.