മധുവിന്റെ കൊലക്ക് അഞ്ചു വർഷം
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ മനോവൈകല്യമുള്ള ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് ബുധനാഴ്ച അഞ്ചു വർഷം പൂർത്തിയാകുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ ഒരു സംഘമാളുകൾ പിടികൂടി മർദിച്ചത്. തുടർന്ന് പൊലീസിന് കൈമാറിയ ഇയാളെ അഗളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അട്ടപ്പാടി കടുകുമണ്ണ മല്ലന്റെ മകനായിരുന്നു 35കാരനായ മധു. 2018 ഫെബ്രുവരി 22ന് മുക്കാലിക്ക് സമീപമാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാട്ടിൽനിന്നു പിടികൂടിയ മധുവിനെ കൈകൾ കെട്ടിയാണ് മർദിച്ചത്.
സംഭവം, രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. കേസിൽ 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ അനന്തമായി വൈകി. 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് പ്രതികൾ. കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കടയിൽനിന്നു ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വെച്ച് മർദനത്തിന് നേതൃത്വം നൽകിയത് ആറു പ്രതികളാണെന്ന് കുറ്റപത്രം പറയുന്നു. ഒന്നാംപ്രതിയുടെ ചവിട്ടേറ്റുവീണ മധുവിന്റെ തല ക്ഷേത്രഭണ്ഡാരത്തിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. കേസ് നടത്തിപ്പിൽ സർക്കാർ ഗുരുതരമായ അലംഭാവം കാണിക്കുന്നതായ ആരോപണം ശക്തമായി ഉയർന്നിരുന്നു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിൽ നടന്നുവരുന്ന കേസിൽ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ വർഷങ്ങളെടുത്തു. ആദ്യം നിയമിച്ച പ്രോസിക്യൂട്ടർ, ആവശ്യമായ സൗകര്യം ഏർപ്പെടുത്തികൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചുമതല ഒഴിഞ്ഞു. ഇതോടെ വിചാരണ നടപടികൾ വൈകുന്ന സാഹചര്യമുണ്ടായി.
ഹൈകോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കിയത്. 122 സാക്ഷികളുടെയും വിസ്താരം പൂർത്തിയായി. പ്രതികൾക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും ചെയ്തു. ഇനി പ്രതികളുടെ വിസ്താരമാണ് നടക്കാനുള്ളത്. ഇത് പെട്ടെന്ന് പൂർത്തിയാക്കി വിധിപറയുന്നതിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.