ഹൈകോടതി അനുവദിച്ച സമയം തീർന്നു; നിരത്തുകളിൽനിന്ന് മാറ്റിയത് ആറായിരത്തിലേറെ ബോർഡുകൾ
text_fieldsപാലക്കാട്: പൊതുനിരത്തുകളിലെ ഫ്ലക്സുകളും ബോർഡുകളും മാറ്റാൻ ഹൈകോടതി അനുവദിച്ച സമയം ബുധനാഴ്ച അവസാനിച്ചതോടെ ജില്ലയിൽ അഞ്ചുദിവസത്തിനിടെ നീക്കിയത് ആറായിരത്തിലേറെ ബോർഡുകൾ. ഫ്ലക്സ്, ബാനർ , ബോർഡ്, ഹോർഡിങ് ഉൾപ്പെടെയാണിത്. നിരത്തിൽ ഫ്ലക്സും പരസ്യബോർഡുകളും നീക്കിയില്ലെങ്കിൽ ഉത്തരവാദിത്തവും പിഴയും തദ്ദേശ സെക്രട്ടറിമാർക്കാണെന്ന വകുപ്പിന്റെ അന്ത്യശാസനം വന്നതോടെയാണ് അവസാന ദിനങ്ങളിൽ ഉദ്യോഗസ്ഥർ നെട്ടോട്ടമോടി ഫ്ലക്സുകൾ നീക്കം ചെയ്തത്. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളായിരുന്നു നീക്കം ചെയ്തവയിൽ ഏറെയും. അതേസമയം, രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്റെ പിന്തുണയില്ലാതെ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ മാസങ്ങളിൽ നിരത്ത് വൃത്തിയാക്കൽ എത്രകണ്ട് ഫലവത്താകും എന്ന ആശങ്കയിലാണ് തദ്ദേശവകുപ്പ് സെക്രട്ടറിമാർ.
റവന്യൂ ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, എൻജിനീയറിങ് വിഭാഗം, ഓവർസിയർ, സാനിറ്റേഷൻ വർക്കർമാർ എന്നിവരടങുന്ന പ്രത്യേക സംഘം രൂപവത്കരിച്ചാണ് പരിശോധനയും നടപടിയും. പാലക്കാട് നഗരസഭപരിധിയിൽ 150 ബോർഡുകൾ നീക്കിയതായി അധികൃതർ അറിയിച്ചു. 50000 രൂപ പിഴത്തുകയായി അടക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടേതായി കണ്ടെത്തിയ 25 ബോർഡുകളും നീക്കിയിട്ടുണ്ട്. നഗരസഭ വിഭാഗം ഉദ്യോഗസ്ഥരെ മൂന്ന് സംഘങ്ങളായി തിരിച്ചാണ് നിരത്തുകളിലെ ബോർഡുകളും ഹോർഡിങുകളും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി ചെയ്തുതീർത്തത്. അടുത്ത ഘട്ടമായി വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.