പേമാരി ജാഗ്രത നിർദേശം, പ്രളയസാധ്യത മുന്നറിയിപ്പുകള്‍; മോക്ഡ്രില്ലിൽ ആശങ്ക കൗതുകത്തിന് വഴിമാറി
text_fieldsപാലക്കാട്: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ല ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ ‘മോക്ക് എക്സർസൈസ് ഓണ്‍ ലാന്‍ഡ്സ്ലൈഡ്’ സംഘടിപ്പിച്ചു. രാവിലെ ഒമ്പതോടെ ജില്ലയില്‍ കനത്ത മഴസാധ്യത മുന്നറിയിപ്പോടെയും തുടര്‍ന്ന് പ്രളയ സാധ്യത ജാഗ്രത നിര്‍ദേശത്തോടെയുമായിരുന്നു മോക്ക്ഡ്രില്ലിന്റെ തുടക്കം.
രാവിലെ ഒമ്പതിന് ആരംഭിച്ച മോക്ക് ഡ്രില്‍ ഉച്ചക്ക് ഒന്നോടെ അവസാനിച്ചു. തുടര്‍ന്ന് എ.ഡി.എം കെ. മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത, സേഫ്റ്റി ഓഫീസര്‍ ഡോ. രാജലക്ഷ്മി, ജോയിന്റ് ആര്‍.ടി.ഒ കെ. മനോജ്, ജിയോളജിസ്റ്റ് എം.വി. വിനോദ്, പൊലീസ് എസ്.ഐ എം.പി. പ്രതാപ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിതേഷ്, എന്‍.ഡി.ആര്‍.എഫ് എസ്.ഐ ആഷിഷ് കുമാര്‍ സിങ്, ബി.എസ്.എഫ് ഓഫീസര്‍ സി. ഷാജി, കലക്ടറേറ്റ് എച്ച്.എസ് രാജേന്ദ്രന്‍ പിള്ള, ജെ.എസ് എം.എം. അക്ബര്‍, എല്‍.എസ്.ജി.ഡി പ്ലാന്‍ കോ-ഓഡിനേറ്റര്‍ വി.കെ. ആശ, കെ.വൈ.എല്‍.എ ഇന്റേണ്‍ പി.ജെ. ജൂനിയ, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റപ്പാലം: അനങ്ങൻമലയുടെ താഴ് വാര ഗ്രാമമായ മേലൂരിലെ കീഴ്പ്പാടം കോളനിയിൽ നടന്ന മോക്ഡ്രില്ലിൽ ഉരുൾപൊട്ടലാണ് ആകസ്മിക ദുരന്തമായി എത്തിയത്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയത് പരിസരപ്രദേശങ്ങളിലും ഭീതി പടർത്തി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ദുർഘടവഴികൾ താണ്ടി അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
കോളനി നിവാസികളെ സമീപത്തെ ക്യാമ്പിലേക്ക് മാറ്റി. ഓടിക്കൂടിയ നാട്ടുകാർക്ക് ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക് ഡ്രില്ലാണിതെന്ന വാസ്തവം ഉൾക്കൊള്ളാൻ നേരമേറെ വേണ്ടിവന്നു. മഴക്കാലത്ത് ഉരുൾപൊട്ടൽ പതിവായ മൂന്ന് കോളനികളിൽ കീഴ്പ്പാടം കോളനിയാണ് മോക്ഡ്രില്ലിനായി അധികൃതർ തെരഞ്ഞെടുത്തത്. റവന്യു വകുപ്പ്, പൊലീസ് ആരോഗ്യവിഭാഗം, ജിയോളജി തുടങ്ങിയ വകുപ്പുകളുടെ സാന്നിധ്യത്തിലായിരുന്നു മോക്ഡ്രിൽ. ആശുപത്രിയായും ക്യാമ്പായും മേലൂർ എ.എൽ.പി സ്‌കൂളാണ് സജ്ജീകരിച്ചത്.
അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ, അഗ്നിരക്ഷ സേന ഓഫിസ് ഇൻ ചാർജ് സുരേഷ്, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ജി. ഗോപാൽ, ഭൂരേഖ തഹസിൽദാർ കെ.ആർ. രേവതി തുടങ്ങിയവർ നേതൃത്വം നൽകി. തൃശൂരിൽ നിന്നുള്ള ബി.എസ്.എഫ് ഉദ്യോഗസ്ഥൻ ആർ.കെ. പിള്ള നിരീക്ഷകനായും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.