പകര്‍ച്ചപ്പനി: കോട്ടോപ്പാടത്ത് പ്രതിരോധം ഊര്‍ജിതം
text_fieldsഅലനല്ലൂർ: പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് മാലിന്യമുക്ത പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊതുകുജന്യ രോഗ നിയന്ത്രണം നടത്തുന്നതിനുള്ള രൂപരേഖ തയാറാക്കി.
ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ വകുപ്പുതല യോഗത്തിലാണ് നടപടി. ഡെങ്കിപ്പനി വ്യാപനം തടയാൻ ജൂലൈ മൂന്നിന് വാര്‍ഡ് ആരോഗ്യസേനയുടെ നേതൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും. വിദ്യാലയ ഹെല്‍ത്ത് ക്ലബ്, തിരുവിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജ്, കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സ്ക്വാഡ് രൂപീകരിച്ചു. എല്ലാ വീടുകളിലും ആയുര്‍വേദ വിഭാഗം കൊതുക് ധൂമചൂര്‍ണ്ണം, ഹോമിയോ വിഭാഗം പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും.
സബ് സെന്റര്‍ കേന്ദ്രീകരിച്ച് പനിക്ലിനിക്ക് നടത്തും. പകര്‍ച്ചാവ്യാധി മുന്നറിയിപ്പ് വാഹനപ്രചരണം, അങ്കണവാടിയിലൂടെ ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്താനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ റജീന കോഴിശ്ശേരി, പാറയില്‍ മുഹമ്മദാലി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, ഫാര്‍മസിസ്റ്റുമാരായ എന്‍.പി. വരുണ്‍, കെ. പ്രവീണ്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, വാര്‍ഡ് ശുചിത്വ സമിതി കണ്‍വീനര്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. പത്മാദേവി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ. ദീപ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.