വൈദ്യുതി വാഹനങ്ങള്‍ക്ക് ആശ്വാസം; ജില്ലയില്‍ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടൻ
text_fieldsപാലക്കാട്: ജില്ലയില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി നാല് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകളും 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകളും ഉള്‍പ്പടെ 91 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു. നെന്മാറ, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കൂറ്റനാട് എന്നിവിടങ്ങളിലാണ് നാലുചക്ര വാഹനങ്ങള്‍ക്കുള്ള അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. വിവിധ പഞ്ചായത്തുകളിലായാണ് 87 പോള്‍ മൗണ്ടഡ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വൈദ്യുതവാഹന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാണ് സംസ്ഥാന സര്‍ക്കാറും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്.
മണ്ണാർക്കാട്ടെ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്
മണ്ണാർക്കാട്: മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിലെ അഞ്ച് പോൾ മൗണ്ടഡ് വൈദ്യുത വാഹന ചാർജ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ശനിയാഴ്ച അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. മണ്ണാർക്കാട് പൊതുമരാമത്ത് ഓഫിസിന് സമീപം, നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന സ്കൂളിന് സമീപം, വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിന് സമീപം, അലനല്ലൂർ എൻ.എസ്.എസ് സ്കൂളിന് സമീപം, അഗളി സർക്കാർ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷൻ.
സംസ്ഥാന സർക്കാറിന്‍റെ ഇ-മൊബിലിറ്റി നയത്തിന്‍റെ ഭാഗമായുള്ളതാണിവ. ചാർജ് ചെയ്യാനുള്ള തുക മൊബൈൽ ആപ് വഴി അടക്കാം, പ്ലേസ്റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്ത് ചാർജിങ് സ്റ്റേഷനിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമടക്കാം.
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. നിലവിലെ ചാർജിങ് നിരക്ക് യൂനിറ്റിന് 10 രൂപയാണ്. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിലെ നിരക്കിനേക്കാൾ കുറവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.