അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsപാലക്കാട്: കിഫ്ബി പദ്ധതികള്‍ നടപ്പാക്കാന്‍ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ജില്ലയുടെ ചുമതലയുള്ള ചില ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോഓഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും മാറില്ല എന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അധികകാലം കസേരയില്‍ ഉണ്ടാവില്ലെന്നും ഒരുതരത്തിലുള്ള അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫിസറെയും കലക്ടറേയും ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.
പാലക്കാട് മെഡിക്കല്‍ കോളജിന്റെയും ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജിന്റെയും നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തും. അട്ടപ്പാടി റോഡിന്റ നവീകരണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. പണികള്‍ നടക്കുമ്പോള്‍ ജല അതോറിറ്റി ഉള്‍പ്പെടെ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാലതാമസത്തിന് ഇടവരാതെ തീര്‍പ്പാക്കണം. നിലവില്‍ വാട്ടര്‍ അതോറിറ്റിയുമായി താഴെ തട്ടില്‍ ഏകോപനം ഇല്ല. ഇക്കാര്യത്തില്‍ കലക്ടര്‍ പ്രത്യേക പദ്ധതി തയാറാക്കണം. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ അതത് സമയം എം.എല്‍.എമാരുമായി പങ്കുവെക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം.
ഓരോ മണ്ഡലത്തിലും ചുമതലയുള്ള നോഡല്‍ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തി എം.എല്‍.എമാര്‍ കോണ്‍സ്റ്റിറ്റ്യുവന്‍സി മോണിറ്ററിങ് സമിതി ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. പട്ടാമ്പി പാലത്തിന്റെ ഭൂമി ഏറ്റെടുക്കലില്‍ ഉടന്‍ തീരുമാനം എടുക്കണം. വിവിധ പ്രവൃത്തികള്‍ സംബന്ധിച്ച് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. കലക്ടര്‍ മൃണ്മയി ജോഷി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എം.എല്‍.എമാരായ എ. പ്രഭാകരന്, കെ.ഡി. പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്, പി. മമ്മിക്കുട്ടി, എന്‍. ഷംസുദ്ദീന്, ഷാഫി പറമ്പില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ജോയന്റ് സെക്രട്ടറി എസ്. സാംബശിവ റാവു, ജില്ലയിലെ മറ്റു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.