ജില്ല ജയിലിൽ തടവുകാർക്ക് വിഷുസദ്യക്ക് വിഷരഹിത പച്ചക്കറി
text_fieldsമലമ്പുഴ: ജില്ല ജയിലിൽ തടവുകാർക്ക് വിഷുസദ്യക്ക് വിഷരഹിത പച്ചക്കറി. ജയിൽ വളപ്പിൽ തടവുകാർ നട്ടുവളർത്തിയ നാടൻ പച്ചക്കറി ഉപയോഗിച്ചാണ് സദ്യയൊരുക്കുക. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്‌തത്. വിളവ് കുറവാണെങ്കിലും രാസവളമില്ലാത്ത പച്ചക്കറി കഴിക്കാമെന്ന സന്തോഷത്തിലാണ് ജയിലധികൃതരും തടവുകാരും. കഴിഞ്ഞ ഓണത്തിന് 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയിലും ജില്ല ജയിൽ ഭാഗമായിരുന്നു. പിന്നീട്, കൃഷിവകുപ്പിന്‍റെ 'വിഷുവിന് വിഷരഹിത പച്ചക്കറി' കാമ്പയിനിലും പങ്കാളികളായി. മാസങ്ങൾക്ക് മുമ്പ് നട്ട മത്തനും കുമ്പളവും പയറും വെണ്ടയും വെള്ളരിയും പാവലുമെല്ലാം പാകമായി നിൽക്കുകയാണ്. പച്ചക്കറി കൂടാതെ കപ്പയും ചോളവും കൊത്തമരയും പപ്പായയും ഒരുക്കിയിട്ടുണ്ട്. വിവിധയിനം മാവുകളും പ്ലാവുകളും വളർന്നുവരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ എള്ളും വിതച്ചിട്ടുണ്ട്. കണിവെള്ളരി കൃഷിയും ഇത്തവണ മോശമാക്കിയില്ല. 80 കിലോയോളം വിളവെടുത്തതായി ജയിലധികൃതർ പറയുന്നു. കഴിഞ്ഞവർഷം 150 കിലോ വിളവ് ലഭിച്ചിരുന്നു. ഇത്തവണ പൂർണമായും ജൈവരീതിയിലായതിനാൽ വിളവ് അൽപ്പം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.