അധികൃതരുടെ ശ്രദ്ധക്ക്, പാലക്കാട് നഗരഹൃദയം ഇരുട്ടിലാണ്
text_fieldsപാലക്കാട്: നഗരഹൃദയത്തിൽ അന്തിമയങ്ങിയാൽ ആശങ്കയാണ്. കോട്ടമൈതാനം മുതൽ ഐ.എം.എ ജങ്ഷൻ വരെ സമാന സ്ഥിതി. സമീപത്തുള്ള തെരുവുവിളക്കുകൾ എല്ലാം കണ്ണടച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പരാതിയുമായി വ്യാപാരികളും നാട്ടുകാരും വിവിധ കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും നടപടികളൊന്നുമായില്ല.
ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും എപ്പോൾ എന്ന ചോദ്യത്തിന് മറുപടിയില്ലെന്ന് വ്യാപാരിയായ ഹസൻ മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡിന് വശങ്ങളിലുള്ള കടകളിൽനിന്ന് വരുന്ന വെളിച്ചമില്ലെങ്കിൽ റോഡിൽ കുറ്റാക്കൂരിരുട്ടാണ്. സമീപത്തെ ബസ് സ്റ്റോപ്പുകളടക്കമുള്ളവ ഇരുട്ടിൽ തന്നെ. ലക്ഷങ്ങൾ മുടക്കി ഹൈമാസ് ലൈറ്റും സ്ട്രീറ്റ് ലൈറ്റുമെല്ലാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
എങ്കിലും ഒന്നുപോലും പ്രവർത്തനസജ്ജമല്ല. അടിയന്തരമായി തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, നഗരത്തിലെ വിവിധ പാർക്കുകളടക്കം നവീകരിക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് നഗരസഭാധികൃതർ അറിയിച്ചു. നഗരഹൃദയത്തിൽ മൈതാനമടക്കമിടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ കഫ്റ്റീരിയകളടക്കം പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.