സൈലന്റ് വാലി മലനിരയിലെ അഗ്നിബാധ; ഗൂഢാലോചനയെന്ന് വനം വകുപ്പ്
text_fieldsമണ്ണാർക്കാട്: സൈലന്റ് വാലി മലനിരകളിലെ അഗ്നിബാധക്കു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി വനം വകുപ്പ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് നൽകാൻ തയാറാക്കിയ റിപ്പോർട്ടിലാണ് അഗ്നിബാധ സ്വാഭാവികമല്ലെന്നും മനുഷ്യനിർമിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യമുള്ളത്. സംഭവത്തിൽ സൈലന്റ് വാലി, ഭവാനി റേഞ്ചുകളിലായി വനം വകുപ്പ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണം പൂർത്തിയായാൽ മാത്രമേ യഥാർഥ കാരണങ്ങൾ വ്യക്തമാകൂ. രണ്ടു റേഞ്ചുകളിലായി മൂന്ന് ദിവസങ്ങളിലായാണ് വൻ അഗ്നിബാധയുണ്ടായത്. മാർച്ച് 13 മുതൽ 15 വരെ സൈലന്‍റ് വാലി റേഞ്ചിലെ ബഫർ സോൺ മേഖലയായ പൊതുവപ്പാടം മലനിരയിൽ ഉണ്ടായ തീപിടുത്തത്തിൽ നാലര ഹെക്ടർ വനമേഖലയാണ് കത്തിയത്. 14, 15 തീയതികളിൽ ഭവാനി റേഞ്ചിലെ തത്തേങ്ങലം, അയ്യപ്പന്തിട്ട മലനിരകളിൽ ഉണ്ടായ തീപിടിത്തത്തിൽ 22 ഹെക്ടർ വനമേഖല കത്തിയമർന്നു. രണ്ടിടത്തും വൻ മരങ്ങൾക്കോ മൃഗങ്ങൾക്കോ അപകടമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
അടിക്കാടും പുൽമേടുകളുമാണ് കൂടുതലും അഗ്നിക്കിരയായത്. മൂന്ന് ദിവസം നീണ്ട തീപിടിത്തം നൂറോളം വരുന്ന വനപാലക സംഘം ഏറെ പണിപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ് വനം വകുപ്പ് പാലക്കാട് സി.സി.എഫ് കെ.വി. ഉത്തമന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.