കരുതണം തീ..
text_fieldsപാലക്കാട്: വേനലിെൻറ ആദ്യവാരങ്ങളിൽ തന്നെ ജില്ലയിലെ അഗ്നിശമനസേനക്ക് പിടിപ്പതാണ് പണി. തുടക്കം ഇങ്ങനാണെങ്കിൽ വേനൽ മൂർഛിക്കുന്നതോെട എന്താവും കാര്യമെന്ന് ആശങ്കപ്പെടേണ്ട നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ജനുവരി അവസാനവാരമെത്തുേമ്പാഴേക്കും വിവിധ കേന്ദ്രങ്ങളിലായി രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചെറുതും വലുതുമായ 77 തീപിടിത്തങ്ങളാണെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. പാലക്കാട് ഫയർ സ്റ്റേഷനിൽ മാത്രം കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറോളം കോളുകളാണ് സഹായമഭ്യർഥിച്ച് എത്തിയത്. ജില്ലയിലാകെയുള്ള കണക്കുകൾ പ്രകാരം ഇത് മുന്നൂറോളം വരും. മുൻകരുതലില്ലായ്മയുടെയും സുരക്ഷ മാനദണ്ഡങ്ങളിൽ പുലർത്തുന്ന അലംഭാവങ്ങളുടെയും ഫലമാണ് ഭൂരിഭാഗം തീപിടിത്തങ്ങളും.
അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി മുതൽ കെടുത്താനാരുമില്ലാതെ പുകയുന്ന മാലിന്യക്കൂന വരെ തീപിടിത്തങ്ങൾക്ക് കാരണമായേക്കാം. കഴിഞ്ഞയാഴ്ച കല്ലടിക്കോട്ട് തീപടർന്നത് ആരോ കത്തിച്ച് കെടുത്താൻ മറന്ന മാലിന്യക്കൂനയിൽ നിന്നായിരുന്നു. റോഡരികിലെ ഉണങ്ങിത്തുടങ്ങിയ പുൽക്കാടുകളിലും വഴിയിറമ്പിലുമെല്ലാം തീ പടരുന്നതിന് പിന്നിൽ പുകവലിയടക്കമുള്ള വില്ലൻമാരുണ്ടെന്ന് അഗ്നി രക്ഷാസേന ചൂണ്ടിക്കാണിക്കുന്നു. കനലൊരുതരി മതി വേനൽചൂടിൽ ഉണങ്ങി നിൽക്കുന്ന പുല്ലിനും ചെടിപ്പടർപ്പിനുമെല്ലാം തീപിടിക്കാൻ. ജനുവരി മുതൽ മേയ് അവസാനം വരെയാണ് കൂടുതൽ കേസുകൾ റിേപ്പാർട്ട് ചെയ്യാറുള്ളത്.
വ്യവസായ മേഖലയിൽ വേണം കരുതൽ
കഴിഞ്ഞ ജനുവരിയിലാണ് കഞ്ചിക്കോെട്ട ടയർ പുനർനിർമാണ കമ്പനിയിൽ തീ പടർന്നത്. കമ്പനിക്കകത്തേക്ക് തീ വ്യാപിക്കുന്നതിന് മുന്നേ അഗ്നിരക്ഷാസേന യൂനിറ്റുകളെത്തി തീ അണച്ചതോടെ വൻ ദുരന്തമാണ് അന്ന് ഒഴിവായത്. ഇതിനും രണ്ട് മാസം മുമ്പ് കഞ്ചിക്കോട്ടെ ആക്റ്റിവേറ്റഡ് കാർബൺ നിർമാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് വിലവരുന്ന ഉപകരണങ്ങളടക്കം കത്തിച്ചാമ്പലായിരുന്നു. രാസവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഷോർട് സർക്യൂട്ടുമാണ് വ്യവസായ മേഖലയിൽ വില്ലനാവുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വ്യവസായ സ്ഥാപനങ്ങളിൽ പരിശോധനക്കൊപ്പം ബോധവത്കരണവും ഉൗർജിതമാക്കിയതായി ജില്ല ഫയർ ഒാഫിസർ പറഞ്ഞു.
അവഗണനയുടെ അരക്കില്ലങ്ങൾ
ജില്ലയിൽ 2019-20ൽ ആയിരത്തഞ്ഞൂറോളം കെട്ടിടങ്ങളിലാണ് ഫയർഫോഴ്സ് സുരക്ഷാപരിശോധന നടത്തിയത്. കെട്ടിടങ്ങളിൽ 70 ശതമാനത്തോളവും മതിയായ സുരക്ഷപരിശോധനയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നടപടികൾക്കായി അതത് തദ്ദേശ സ്ഥാപനങ്ങൾക്കും കലക്ടർക്കും കൈമാറിയതായും അധികൃതർ പറഞ്ഞു.
നിയമലംഘനങ്ങൾക്ക് കുട പിടിക്കുന്നവർ
നിയമലംഘനങ്ങൾക്കെതിരെ അഗ്നിരക്ഷാസേനക്ക് നേരിട്ട് നടപടി സ്വീകരിക്കാൻ അധികാരമില്ലാത്തതാണ് നിയമലംഘകർ മുതലെടുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സ്വാധീനം ചെലുത്തി അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജില്ലയിൽ നിരവധിയാണ്. ജില്ലയിൽ 14 ആശുപത്രികൾ ആവശ്യമായ അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നു എന്നറിയുേമ്പാഴാണ് സംഭവത്തിെൻറ ഗൗരവം മനസ്സിലാവുക. പാലക്കാട് നഗരത്തിൽ മാത്രം മൂന്ന് ആശുപത്രികൾ ഇങ്ങനെ പ്രവർത്തിക്കുന്നുണ്ടെന്ന് അഗ്നിസുരക്ഷാസേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
വേണം കൂടുതൽ ഫയർ സ്റ്റേഷനുകൾ
ജില്ലിയിൽ പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, ഷൊർണൂർ എന്നിവിടങ്ങളിലായി ഏഴ് അഗ്നിരക്ഷ നിലയങ്ങളാണുള്ളത്. മതിയായ ജീവനക്കാരുെണ്ടങ്കിലും ഇപ്പോൾ പിടിപ്പത് പണിയാണ്. ദിവസേന ശരാശരി ആറിലേറെ ജോലികൾ ചെയ്യണ്ടിവരുന്ന അവസ്ഥയാണ്. 24 മണിക്കൂർ ജോലി വിശ്രമമില്ലാതെ ചെയ്യേണ്ടി വരുന്നതായി ജിവനക്കാർ പറയുന്നു. മതിയായ ജലം ലഭിക്കാത്തതാണ് സേന നേരിടുന്ന പ്രധാന പ്രശ്നം. കാർഷികാവശ്യത്തിന് ജലസേചന കനാലുകൾ തുറക്കുന്ന സമയത്ത് മതിയായ ജലം കനാലുകളിൽ ശേഖരിച്ച് വെക്കാൻ കഴിയും. എന്നാൽ, ഇതില്ലാത്തപ്പോൾ ജലസമാഹരണത്തിനായി കിലോമീറ്ററുകൾ താണ്ടണം. പാലക്കാട് രക്ഷാനിലയത്തിന് 10,000 ലിറ്റർ വെള്ളം ദിവസേന ആവശ്യമാണ്. കേരള വാട്ടർ അതോറിറ്റി കൊപ്പത്ത് അനുവദിച്ച കേന്ദ്രത്തിൽനിന്നാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ സമയത്ത് ഇവിടെനിന്ന് കുടിവെള്ളം ശേഖരിക്കുന്നതിൽ ജനങ്ങൾക്കും കടുത്ത അമർഷമാണുള്ളത്.
ജില്ലയുടെ കിഴക്കൻമേഖലയിൽ മാത്രം അഞ്ച് രക്ഷാനിലയം പ്രവർത്തിക്കുമ്പോൾ പടഞ്ഞാറൻ മേഖയിൽ മണ്ണാർക്കാടും ഷൊർണൂരും മാത്രമാണുള്ളത്. പാലക്കാട് നിലയത്തിന് പലപ്പോഴും അതിർത്തിവിട്ട് ജോലി ചെയ്യേണ്ടിവരുന്ന അവസ്ഥയുണ്ട്. മറ്റ് യൂനിറ്റുകളിൽ ശരാശരി രണ്ടു വാഹനങ്ങൾ മാത്രം ഉള്ളപ്പോൾ പാലക്കാട് മാത്രമാണ് മൂന്ന് വാഹനവും ഒരു ടാങ്കുമുള്ളത്. മറ്റ് യൂനിറ്റുകളിലെ വാഹനങ്ങൾ ജോലി തിരക്കിലായാൽ പാലക്കാട് യൂനിറ്റ് അധിക ജോലി ചെയ്യണം. പട്ടാമ്പി, കൊല്ലേങ്കാട്, ഒറ്റപ്പാലം, കോങ്ങാട് എന്നിവിടങ്ങളിൽ കൂടി ഫയർ സ്റ്റേഷനുകൾ സജ്ജീകരിച്ചാൽ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് അഗ്നിശമനസേന വൃത്തങ്ങൾ 'മാധ്യമ'േത്താട് പറഞ്ഞു.
കാട്ടുതീ തടയാൻ ഫയർ ലൈൻ
കൊല്ലങ്കോട്: കാട്ടുതീ തടയാൻ ഫയർ ലൈൻ സജ്ജമാക്കി വനംവകുപ്പ്. എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തെൻമലയോര പ്രദേശങ്ങളിലാണ് വേനലിലെ കാട്ടുതീ തടയുന്നതിന് വന സംരക്ഷണ സമിതികൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫയർലൈനുകൾ സ്ഥാപിച്ചിട്ടുള്ളത്. പോക്കാമട, എളുമ്പിലാവ്, എലന്തിക്കുളമ്പ്, കിഴക്കമാറി, മിനുക്കശ്ശേരി, ചള്ളപൊറ്റ പ്രദേശങ്ങളിലാണ് ഫയർലൈനുകൾ സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾക്ക് വേനലിൽ കുടിവെള്ളത്തിനായി രണ്ട് ജലസംഭരണികളും നിർമിച്ചിട്ടുണ്ട്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന രണ്ട് ജലസംഭരണികളിൽ വെള്ളം നിറക്കുന്നതിനാൽ കാട്ടാനകൾ വെള്ളത്തിനായി നാട്ടിൻപുറങ്ങളിൽ എത്താറില്ലെന്ന് വനസംരക്ഷണ സമിതി പ്രസിഡൻറ് സതീഷ് പറയുന്നു.
ചെമ്മണാമ്പതി മുതൽ എലന്തിക്കുളമ്പ് വരെയുള്ള കൊല്ലങ്കോട് റേഞ്ചിെൻറ അതിർത്തിയിൽ എലവഞ്ചേരി ഒഴികെ മറ്റു പ്രദേശങ്ങളിൽ ഫയർലൈനുകളും കുടിവെള്ള സംഭരണികളും കാര്യക്ഷമമാക്കാത്തതിനാൽ കാട്ടുതീ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേച്ചിറ, കള്ളിയമ്പാറ എന്നിവിടങ്ങളിൽ തൊട്ടികൾ നിർമിച്ച് വന്യമൃഗങ്ങൾക്ക് കുടിവെള്ളത്തിന് സംവിധാനം ഒരുക്കണമെന്ന് കള്ളിയമ്പാറ നിവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.