കാട്ടാന ശല്യം: തൂക്കു വൈദ്യുതവേലി നിർമാണം വേഗത്തിലാക്കണമെന്ന്
text_fieldsമുതലമട: കാട്ടാനശല്യം തടയാൻ 90 ലക്ഷം രൂപ ചെലവിൽ തൂക്കു വൈദ്യുത വേലി നിർമാണം വേഗത്തിലാക്കണമെന്ന് കർഷകർ. നെൽപാടങ്ങൾ ഉൾപ്പെടെ നിരവധി വിളകൾ കാട്ടാനകൾ നശിപ്പിക്കുന്നത് പതിവായതിനാൽ വനം വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും ഫണ്ട് ഉപയോഗിച്ച് വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
കവളച്ചിറ-പന്നിതോൽ, ചുക്രിയാൽ-പലകപ്പാണ്ടി എന്നിവിടങ്ങളിൽ 90 ലക്ഷം രൂപയിൽ തൂക്കുവേലി ഉടൻ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും നടപടി ഇഴയുകയാണ്. അരശു മരശക്കാട് മുതൽ കിളിമല വരെ 20 കിലോമീറ്റർ ദൈർഘ്യത്തിൽ മുതലമട പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശത്ത് തൂക്കു വൈദ്യുത വേലി സ്ഥാപിക്കണമെന്ന് കർഷകർ ജനജാഗ്രത സമിതി യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല.
കെ. ബാബു എം.എൽ.എ 10.40 ലക്ഷം രൂപയുടെ വാഹനം അനുവദിച്ചെങ്കിലും ദ്രുതകർമസേന നിലവിലില്ലാത്തതിനാൽ ആനകളെ വിരട്ടുന്നത് ശാശ്വതമായി പരിഹരിക്കാൻ സാധിക്കാതായി. 50 ലക്ഷം രൂപ ജില്ല പഞ്ചായത്തും 20 ലക്ഷം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും 20 ലക്ഷം മുതലമട ഗ്രാമപഞ്ചായത്തും പത്ത് ലക്ഷം രൂപ കൊല്ലങ്കോട് പഞ്ചായത്തും വകയിരുത്തി തൂക്കു വൈദ്യുത വേലി സ്ഥാപിക്കുവാൻ പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയായില്ല. തുക വനം വകുപ്പിന് കൈമാറുന്ന മുറക്ക് വേലി സ്ഥാപിക്കുമെന്ന ഉറപ്പാണ് അധികൃതർക്ക് നൽകാനുള്ളത്. കാട്ടാനകൾ ചപ്പക്കാട് മുതൽ വേലാങ്കാട് വരെയുള്ള നാട്ടുകാരെയും കർഷകരെയും വിറപ്പിക്കുമ്പോൾ നടപടി ശക്തമാക്കാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് വേലാങ്കാട് വാസികൾ പറഞ്ഞു. 54 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലങ്കോട് റേഞ്ച് പരിധിയിൽ ഒമ്പത് കിലോ മീറ്ററാണ് തൂക്കുവൈദ്യുത വേലി ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നതെന്നും ഉടൻ സ്ഥാപിക്കുമെന്നുമുള്ള മറുപടിയാണ് വനം വകുപ്പ് അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.