മാവിൻ തോട്ടത്തിൽ തളിച്ച കീടനാശിനി ശ്വസിച്ച് നാലുപേർ ആശുപത്രിയിൽ
text_fieldsകൊല്ലങ്കോട്: മാവിൻ തോട്ടത്തിൽ തളിച്ച കീടനാശിനി ശ്വസിച്ച നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യല്ലൂർ ചാത്തൻപാറക്കടുത്ത ചെറുകോൽ കളത്തിലെ വെങ്കിടാചലത്തിന്റെ ഭാര്യ അമ്മിണി (67), മരുമക്കളായ മല്ലിക (40), അശ്വതി (28), മകൻ കൃഷ്ണമൂർത്തി (38) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരക്കാണ് സംഭവം. മാവിൻ തോട്ടത്തിലാണ് ഉച്ച മുതൽ വൈകീട്ടുവരെ കീടനാശിനി തളിച്ചത്.
യന്ത്രം ഉപയോഗിച്ച് തോട്ടത്തിൽ കീടനാശിനി തളിച്ചതാണ് പരിസരത്ത് വസിക്കുന്ന അമ്മിണി, മകൻ കൃഷ്ണമൂർത്തി എന്നിവരുടെ വീടുകൾക്കു മുകളിൽ പതിച്ചത്. അന്തരീക്ഷമാകെ കീടനാശിനി പരന്നതോടെ ഇവ ശ്വസിച്ചവർക്ക് ഛർദിയും തലവേദനയും ശ്വാസംമുട്ടലുമുണ്ടായി. വൈകീട്ട് അഞ്ചരയോടെ ശാരീരിക അസ്വസ്ഥത വർധിച്ചതിനാൽ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നുപേർക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടായിട്ടുണ്ട്. കീടനാശിനി തളിക്കുന്ന സമയത്ത് മക്കൾ സ്കൂളിൽ പോയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. മാരകകീടനാശിനി തളിച്ചത് പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണമൂർത്തി കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി വിവരം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.