നെല്ല് സംഭരണത്തിൽ തട്ടിപ്പ് തുടരുന്നു
text_fieldsപാലക്കാട്: ജില്ലയിലെ നെൽകർഷകരെ വലച്ച് സപ്ലൈകോ ഉദ്യോഗസ്ഥരുടെയും അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെല്ലുകടത്ത് സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ട്. സപ്ലൈകോ ജില്ല ഓഫിസിലെ ചില ജിവനക്കാരും പാഡി പ്രൊക്യുർമെൻറ് അസിസ്റ്റൻറുമാരും ചേർന്നാണ് നെല്ല് ഏജൻറുമാരുടെ നേതൃത്വത്തിൽ നെല്ല് സംഭരണത്തിൽ വൻതോതിൽ തട്ടിപ്പ് നടത്തുന്നത്.
കിലോഗ്രാമിന് 17 രൂപ വരെ നിരക്കിൽ ലഭിക്കുന്ന തമിഴ്നാട് നെല്ല് അതിർത്തി കടത്തിയെത്തിച്ച് മേഖലയിലുള്ള കർഷകരെ സ്വാധീനിച്ച് സപ്ലൈകോക്ക് മറിച്ചുനൽകുന്നത് 28 രൂപക്കാണ്. തട്ടിപ്പിന് കൂട്ടുനിൽക്കുന്ന ജീവനക്കാർക്ക് കിലോക്ക് രണ്ടും കർഷകന് മൂന്നും രൂപയാണ് ഏജൻറുമാർ കമീഷനായി നൽകുക. കർഷകരുടെ പെർമിറ്റ് ദുരുപയോഗം ചെയ്ത് ഓരോ സീസണിലും കോടിക്കണക്കിന് രൂപയാണ് തട്ടിപ്പ് സംഘം സർക്കാറിൽനിന്ന് അടിച്ചുമാറ്റുന്നത്.
ഏജൻറുമാരുടെ താൽപര്യത്തിന് കൂട്ടുനിൽക്കാത്ത കർഷകരുടെ നെല്ല് സംഭരിക്കുന്നതിലും പി.ആർ.എസ് അനുവദിക്കുന്നതിലും വിവിധ കാരണങ്ങൾ പറഞ്ഞ് കാലതാമസം വരുത്തും. സമയബന്ധിതമായി നെല്ല് സംഭരണം നടക്കാതാവുന്നതോടെ ഏജൻറുമാരുടെ താൽപര്യത്തിന് കീഴുപെടേണ്ട സാഹചര്യമാണെന്ന് മേഖലയിലെ കർഷകർ പറയുന്നു. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്ത കർഷകന് ഏക്കറിന് 2500 കിലോ വരെ നെല്ല് വിൽക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ, ഇത്രയും ഉൽപാദനമില്ലാത്ത കർഷകരുടെ പെർമിറ്റിൽ ഏജൻറിന്റെ കൈവശമുള്ള നെല്ല് സപ്ലൈകോക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് കർഷക സംഘടനകളും കുറ്റപ്പെടുത്തുന്നു.
മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഡെപ്യൂട്ടേഷനിൽ സപ്ലൈകോയിൽ ജീവനക്കാരായി എത്തുന്നത്. തട്ടിപ്പിനിടെ ഇവർ പിടിക്കപ്പെട്ടാൽ മാതൃവകുപ്പിലേക്ക് മാറ്റി പ്രശ്നം ഒതുക്കി തീർക്കലാണ് പതിവ്.
ജില്ലയിലെ വിളവെടുപ്പ് ഏപ്രിൽ 15ന് മുമ്പ് പൂർത്തിയാക്കിയിട്ടും നെല്ല് സംഭരിക്കുന്നതിലും സംഭരിച്ച നെല്ലിന് പി.ആർ.എസ് അനുവദിക്കുന്നതിൽ കാലതാമസം വരുന്നതും ഇത്തരത്തിൽ തട്ടിപ്പ് നടത്താനാണെന്ന് ആക്ഷേപമുണ്ട്.
കൃഷിയിടത്തിന്റെ ഉൽപാദനക്ഷമതയുമായി സംഭരണത്തെ യോജിപ്പിക്കാൻ നടപടിയില്ലാത്തത് തട്ടിപ്പിന് ആക്കം കൂട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.