സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇതിഹാസം തീര്‍ത്ത സുശീലാമ്മക്ക് നൂറാം പിറന്നാള്‍
text_fieldsആനക്കര: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇതിഹാസം തീര്‍ത്ത ആനക്കര വടക്കത്ത് തറവാട്ടിലെ സുശീലാമ്മക്ക് നൂറാം പിറന്നാള്‍. ജനനം 1921 മേയ് 11നാണെങ്കിലും പിറന്നാൾ ദിവസമായിരുന്നു ഞായറാഴ്ച. വാർധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇവര്‍ കിടപ്പിലാണ്. മകളും മരുമകനും അമ്മയുടെ പിറന്നാളിന് എത്തിയിരുന്നു.
ഡി.ജി.പി ലോക്നാഥ് ബെഹ്റക്കുവേണ്ടി തൃത്താല സി.ഐ നാസര്‍, വി.ടി. ബല്‍റാം എം.എല്‍.എ, ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ്, കെ.പി.സി.സി മീഡിയ സെല്‍ അംഗം പൊന്നാനി സര്‍ഫുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ പി.സി. രാജു, സാലീഹ്, കുമ്പിടി പാലിയേറ്റിവ് പ്രവര്‍ത്തക സുലൈഖ മുഹമ്മദ് എന്നിവരും ആശംസ നേരാന്‍ എത്തി.
പൊന്നാടയും ഉപഹാരവും മകള്‍ നന്ദിത ഏറ്റുവാങ്ങി. മുന്‍ കേന്ദ്രമന്ത്രി എ.കെ. ആൻറണി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഫോണിലൂടെ ആശംസ അറിയിച്ചു. ചെറിയമ്മയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഭരണഘടന അസംബ്ലി മെംബറുമായിരുന്ന അമ്മു സ്വാമിനാഥന് വഴിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തങ്ങളെ അടുത്തറിഞ്ഞത്. വടക്കത്ത് കുട്ടിമാളു അമ്മ, കമലദേവി ചതോപാധ്യായ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള സഹവാസം മൂലം, അവരില്‍നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചെടുക്കുവാന്‍ സുശീലാമ്മക്ക് കഴിഞ്ഞു.
സ്വാതന്ത്ര്യ സമര ഭാഗമായി മൂന്നുമാസക്കാലം ജയിലിലടക്കപ്പെട്ടു. 1943 അത്. ജയില്‍ മോചിതയായി ഗ്രാമസ്വരാജ് പൂര്‍ത്തീകരണത്തിനായി കേരളത്തിലേക്ക് മടങ്ങി. മഹിളാസമാജങ്ങള്‍ രൂപവത്കരിച്ചു.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നെയ്ത്ത് പഠിപ്പിച്ചുകൊടുത്തു. സ്കൂളുമായി ബന്ധപ്പെട്ട റീഡിങ് റൂമുകളും ലൈബ്രറികളും ആരംഭിച്ചു. കുട്ടിമാളു അമ്മയോടൊപ്പം മലബാറിലെ മിക്ക പ്രദേശങ്ങളിലും യാത്ര ചെയ്ത സുശീലാമ്മയുടെ പ്രവർത്തനം പുതുതലമുറക്ക് ആവേശം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.