സേവാഗ്രാം ആശ്രമ മാതൃക; സ്വാതന്ത്ര്യസമര സ്മാരകമാകാനൊരുങ്ങി രാമശ്ശേരിയിലെ ഗാന്ധി ആശ്രമം
text_fieldsപാലക്കാട്: ഉപ്പ് സത്യഗ്രഹത്തിനുശേഷം ഗാന്ധിജി വാർദ്ധയിൽ സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിന്റെ മാതൃകയിൽ പാലക്കാട് ജില്ലയിൽ ഗാന്ധി ആശ്രമം ഒരുങ്ങുന്നു. ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത 78 സത്യഗ്രഹികളിൽ ഒരാളായ രാമശ്ശേരി വടവട്ടെ താപ്പൻ നായരുടെയും പാലക്കാട് ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും എലപ്പുള്ളി എം.എൽ.എയുമായിരുന്ന എ.കെ. രാമൻകുട്ടിയുടെയും സ്മരണയോടൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ സ്മാരകം എന്ന നിലയിലാണ് ഗാന്ധി ആശ്രമം സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്ക് സാക്ഷ്യംവഹിച്ച രാമശ്ശേരിയിലാണിത്. സർവോദയ കേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് ഈ ഉദ്യമം. ഗ്രാമസ്വരാജ് ലക്ഷ്യമാക്കിയുള്ള അഹിംസാത്മക പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും സജ്ജരാക്കുകയാണ് മുഖ്യലക്ഷ്യം. ചമ്പാരൻ മാതൃകയിൽ കാർഷിക മേഖലയിൽ ഒരുസുസ്ഥിര കൃഷി പദ്ധതി, ആശ്രമത്തിന്റെ 200 മീറ്റർ പരിധിയിലെ 500 വീടുകളിൽ സ്വയം പര്യാപ്തതയുമായി ബന്ധപ്പെട്ട് ഗാന്ധി ഗ്രാമം പദ്ധതി, നവീന വിദ്യാഭ്യാസത്തിലൂടെ പട്ടികജാതി വിഭാഗക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതിനായി അന്ത്യോദയ പദ്ധതി, നല്ലഭക്ഷണ പ്രസ്ഥാനം, പഞ്ചായത്തീരാജ്, യുവജനക്ഷേമം, ശുചിത്വം, പ്രകൃതിജീവനം, യോഗ എന്നി പരിപാടികൾ ആശ്രമം മുന്നോട്ടുവെക്കുന്നു. ഗാന്ധിജി ഉയർത്തിപിടിച്ച സത്യത്തെയും അഹിംസയെയും അടിസ്ഥാനമാക്കിയുള്ള സർവോദയ സമൂഹ നിർമിതിയാണ് ലക്ഷ്യം. ആശ്രമത്തിന്റെ നേതൃത്വത്തിൽ നവസമൂഹ നിർമിതിക്കായി ഗാന്ധിജി തയാറാക്കിയ 18 ഇന കർമപരിപാടികളെയും സ്വാതന്ത്ര്യ സമരത്തെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും അവയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ഗവേഷണ-പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യും.
ഗാന്ധി ആശ്രമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കൊച്ചിൻഷിപ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. 26 ലക്ഷം രൂപയോളം പൊതുജനങ്ങളിൽനിന്ന് സമാഹരിച്ചു. നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ 10 ലക്ഷം രൂപ കൂടി വേണ്ടി വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകം സ്ഥാപിക്കുന്നതിൽ പങ്കാളിയാവാൻ താൽപര്യമുള്ള വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ തേടുകയാണ് സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.