റോഡരികിൽ മാലിന്യം പെരുകുന്നു; മുഖംതിരിച്ച് അധികൃതർ
text_fieldsപുതുനഗരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ വർധിച്ചിട്ടും പഞ്ചായത്ത് അധികൃതർ മൗനത്തിൽ. അന്തർസംസ്ഥാന പാതയുടെ വശങ്ങൾ മുതൽ ഗ്രാമപഞ്ചായത്തിന്റെ ഇടവഴികളിൽ വരെ മാലിന്യം തള്ളൽ തുടരുകയാണ്. കൊല്ലങ്കോട്, പുതുനഗരം, മുതലമട പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ ഉണ്ടാകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അധികൃതർ മൗനം തുടരുന്നതിനാൽ ദുർഗന്ധം സഹിച്ച് നടക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
മാലിന്യം കൃത്യമായി നീക്കാൻ പദ്ധതിയില്ലാത്ത മുതലമട പഞ്ചായത്തിലും പുതുനഗരം പഞ്ചായത്തിലും വടവന്നൂർ പഞ്ചായത്തിലുമാണ് റോഡരുകിൽ മാലിന്യം കുന്നുകൂടി ദുർഗന്ധം പരത്തുന്നത്. ഹോട്ടലിലെയും അറവു ശാലകളിലെയും വിവാഹ മണ്ഡപങ്ങളിലെയുമുൾപ്പെടെ മാലിന്യം എന്നിവ വർധിക്കുമ്പോൾ ആരോഗ്യവകുപ്പും പഞ്ചായത്തും മൗനം തുടരുകയാണ്. ശുചിത്വ മിഷൻ നേതൃത്വത്തിൽ മാലിന്യ നിർമാർജനത്തിന് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് ബോധവത്കരണ നോട്ടീസുകൾ അടിച്ചിറക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയെന്നത് ചടങ്ങായി മാറി.
പരാതി നൽകുമ്പോൾ മാത്രം ചുരുങ്ങിയ പിഴ ഈടാക്കുക എന്നുള്ളതല്ലാതെ കാര്യക്ഷമമായി പഞ്ചായത്ത് ഉദ്യോഗസ്ഥർ രംഗത്ത് വരാത്തതാണ് മാലിന്യം കുന്നുകൂടാൻ ഇടയാക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളി നിയമത്തെ വെല്ലുവിളിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് സന്നദ്ധ സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.