ഗായത്രിപ്പുഴ ജലക്രമീകരണം: ജലസേചന വകുപ്പിന് വിമർശനം
text_fieldsകൊല്ലങ്കോട്: ഗായത്രിപ്പുഴ ജലക്രമീകരണ അവലോകനയോഗത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം. കെ. ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് കനാൽ ശുചീകരണം സമയബന്ധിതമായി നടക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായത്. മീങ്കര, ചുള്ളിയാർ ഡാമുകളുടെ ജലവിതരണത്തിന് മുമ്പായി നടത്തേണ്ട കനാൽശുചീകരണം കൃത്യമായി നടക്കാത്തത് പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകളിൽ വെള്ളം എത്താതിരിക്കാൻ ഇടയാക്കിയതായി പുതുനഗരത്തിലെ കർഷകർ പറഞ്ഞു.
വടവന്നൂർ കാഡ കനാൽ അറ്റകുറ്റപ്പണികൾ നടക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും കൊയ്ത്തുസമയത്ത് തൊഴിലുറപ്പ് പണികൾ നടത്തുന്നത് കാർഷിക പണികൾ തടസ്സപ്പെടാൻ വഴിവെക്കുന്നതായും കർഷകർ ആരോപിച്ചു.
തമിഴ്നാട്ടിൽനിന്ന് കൊയ്ത്തുയന്ത്രങ്ങളുമായെത്തുന്ന ഡ്രൈവർമാർക്ക് ക്വാറൻറീൻ ചെലവ് വഹിക്കാൻ പഞ്ചായത്തുകൾ തയാറാകണമെന്ന് വടവന്നൂർ സംയുക്ത പാടശേഖര സമിതി പ്രസിഡൻറ് ഇഖ്ബാൽ ആവശ്യപ്പെട്ടു. വടവന്നൂരിലേക്കുള്ള ജലവിതരണം നിർത്തിവെക്കാൻ തീരുമാനമായി. 10 ദിവസത്തേക്ക് മഴയുണ്ടായില്ലെങ്കിൽ ഡാമുകൾ തുറക്കേണ്ടിവരുമെന്ന് പല്ലശ്ശന, വടവന്നൂർ, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തിലെ കർഷകർ പറഞ്ഞു.
കനാൽ അറ്റകുറ്റപ്പണികൾ സെപ്റ്റംബർ അവസാനത്തിനകം പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. കനാൽ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് കൂടുതലായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ്, വടവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് സൈരന്ദ്രി മോഹൻദാസ്, മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് പി. ഗീത. ചിറ്റൂർ എ.എക്സ്.ഇ. ഹരീസ് കരീം, ഇറിഗേഷൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.