ജിയോളജിയും റവന്യൂ വകുപ്പും നോക്കുകുത്തി; അനധികൃത ക്വാറികൾ സജീവം
text_fieldsമുതലമട: ജിയോളജി, റവന്യൂ വകുപ്പുകൾ നോക്കുകുത്തിയായതോടെ അനധികൃത ക്വാറികളുടെ പ്രവർത്തനം സജീവം. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലാണ് രണ്ട് വർഷത്തിൽ മൂന്നിലധികം സ്റ്റോപ്പ് മെമ്മോ നൽകിയും ക്വാറിപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മുതലമടയിലെ 21 ക്വാറികൾക്ക് നാലാം തവണയാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്ന ക്വാറികൾക്കെതിരെ തഹസിൽദാറും ജിയോളജി വകുപ്പും മൗനത്തിൽ തന്നെ.
വിവിധ പഞ്ചായത്തുകളിൽ സ്റ്റോപ്പ് നോട്ടീസ് നൽകിയ ക്വാറികളെല്ലാം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക പിന്തുണയോടെ സജീവമായി പ്രവർത്തിക്കുകയാണ്. ഇതിനെതിരെ വിജിലൻസ് വകുപ്പും നോക്കുകുത്തിയായി തുടരുകയാണ്. ചെമ്മണാമ്പതി ആനക്കട്ടിമേട്ടിൽ ആറ് ക്വാറികൾ, ഇടുക്കപ്പാറയിലെ ആറ് ക്വാറികൾ, പള്ളിത്തറ ഇടുക്കു പ്പാറയിൽ നാല് ക്വാറി, ചുള്ളിയാർ ഡാം പരിസരത്തെ മൂന്ന് ക്വാറി, കരടിക്കുന്ന്, മൂച്ചകുണ്ട്, തേക്കിൻ ചിറ, എലവഞ്ചേരി അടിവാരം, വിത്തനശേരി അടിവാരം എന്നിവിടങ്ങളിലും ക്വാറികൾക്ക് സ്റ്റോപ്പ് നോട്ടീസ് നൽകിയെങ്കിലും ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുകയാണ്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ ക്വാറികൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്നു. ഇതിന് ട്രേഡ് യൂനിയൻ നേതാക്കളുടെ സംരക്ഷണവും ഉണ്ടാകാറുണ്ട്. സ്റ്റോപ്പ് നോട്ടീസ് നൽകിയിട്ടും ഇവ ധിക്കരിച്ച് പ്രവർത്തിച്ചിരുന്ന ഏഴ് ക്വാറികൾക്കെതിരെ കഴിഞ്ഞവർഷം മുതലമടയിൽ വിജിലൻസ് റെയ്ഡ് നടത്തി ലക്ഷങ്ങളുടെ പിഴയീടാക്കുകയും കരിങ്കല്ലുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുതലമട മൂച്ചങ്കുണ്ടിൽ അടുത്ത കാലത്താണ് ഗ്രീൻ ചാനലിലൂടെ പാറ പൊട്ടിക്കാൻ ആരംഭിച്ചത്. പഞ്ചായത്ത് ഒന്നടങ്കം എതിർത്തിട്ടും നിർത്തിവെക്കാൻ സാധിച്ചിട്ടില്ല. പ്രവർത്തനം നിലച്ച ക്വാറികൾ നികത്താത്തതിനാൽ കുട്ടികളും കന്നുകാലികളും കുടുങ്ങുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.